
കാസർകോട്: കാലവർഷത്തിൽ മണ്ണിടിച്ചിൽ പതിവായ തെക്കിൽ ബേവിഞ്ച ദേശീയപാതയിൽ പ്രതിഷേധവുമായി ജനം റോഡിലിറങ്ങി.അപകടങ്ങൾ പതിവായിട്ടും ശാശ്വതമായ പരിഹാരം കാണാത്തതിലാണ് നാട്ടുകാർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. ദേശീയപാത നിർമ്മാണം ആരംഭിച്ചത് മുതൽ മഴക്കാലമെത്തിയാൽ മണ്ണിടിച്ചലും വെള്ളം കയറലും ഇവിടെ പതിവാണ്.
ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ പ്രദേശവാസികൾ, വ്യാപാരികൾ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ദേശീയപാത വികസന പ്രവൃത്തി പുരോഗമിക്കുന്ന സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയും രൂക്ഷമായ വെള്ളക്കെട്ടും പതിവാകുന്നതായി നാട്ടുകാർ ആരോപിച്ചു.
സർവീസ് റോഡിന്റെ അഭാവം മൂലം വലിയ യാത്രാദുരിതം അനുഭവിക്കേണ്ടി വരുന്നതെന്നും സമരക്കാർ പറഞ്ഞു. മഴ തുടങ്ങിയതോടെ റോഡരികിലെ മണ്ണ് ഇടിഞ്ഞ് വീണ് അപകടകരമായ സ്ഥിതിയാണ്. അടിയന്തരമായി സുരക്ഷാ ഭിത്തികൾ നിർമ്മിക്കാത്ത പക്ഷം വൻ ദുരന്തങ്ങൾക്ക് സാദ്ധ്യതയുണ്ടെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. പ്രതിഷേധത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരും വിവിധ വകുപ്പ് പ്രതിനിധികളുമായി ചർച്ച നടത്തിയ ശേഷമാണ് സമരക്കാർ പിരിഞ്ഞത്.
സമരക്കാർ പറയുന്നു,സുരക്ഷാമാർഗം ഒരുക്കിയേ പറ്റു
ചെർക്കള മുതൽ കുണ്ടടുക്ക ബേവിഞ്ച വരെ സർവീസ് റോഡ്
മണ്ണിടിച്ചിൽ ഭീഷണിയുള്ള ഭാഗങ്ങളിൽ സുരക്ഷാ ഭിത്തി സ്ഥാപിക്കുക
മഴവെള്ളം ഒഴുകിയെത്തുന്നത് തടയാൻ ഓവുചാലുകൾ
ചെർക്കളയിലെ മണ്ണൊലിപ്പ് തടയാൻ അടിയന്തര നടപടി
ചെർക്കളയിൽ ഫ്‌ളൈഓവർ നിർമ്മാണത്തിനായി ശേഖരിച്ച മണ്ണ് താഴ്ഭാഗത്തുള്ള വീടുകളിലേക്ക് ഒഴുകുന്നതിൽ അടിയന്തര പരിഹാരത്തിന് തീരുമാനം.കാസർകോട് ആർ.ഡി.ഒ ബിനു ജോസഫ്, തഹസിൽദാർ ഷെറിൽ ബാബു, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, നിർമ്മാണ കരാർ കമ്പനി പ്രതിനിധികൾ എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചതിന് പിന്നാലെയാണിത്.ജലപ്രവാഹം തടയുന്നതിനായി ഫ്‌ളൈഓവറിന്റെ തൂണുകൾക്ക് സമീപം ഒരു താൽക്കാലിക ബണ്ട് നിർമ്മിക്കും.ഇതിന്റെ പ്രവൃത്തി വേഗത്തിലാക്കാൻ കരാറുകാരന് കർശനനിർദ്ദേശം നൽകിയിട്ടുണ്ട്.ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട് അടക്കമുള്ളവരുടെ ഇടപെടലിലാണ് നടപടി.
ഇന്ന് അടിയന്തര യോഗം
ദേശീയപാതാ നിർമ്മാണവുമായി ബന്ധപ്പെട്ട നിലവിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് കാസർകോട് ആർ.ഡി.ഒ ഓഫീസിൽ ബ്ലോക്ക്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ, കരാർ കമ്പനിയുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്ന യോഗം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |