SignIn
Kerala Kaumudi Online
Monday, 08 June 2026 2.43 AM IST

വിശ്വാസപെരുമയിൽ പെരുമാൾക്ക് ഇളനീർ സമർപ്പണം

ilaneer
അക്കരെ കൊട്ടിയൂരിന്റെ കിഴക്കേ നടയായ മന്ദംചേരി ബാവലിപ്പുഴക്കരയിൽ ഇളനീർ വയ്പ്പിനുളള രാശിവിളി കാത്തിരിക്കുന്ന വ്രതക്കാർ

ഇന്ന് ഇളനീരാട്ടം

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ അതിപ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവയ്പ്പ് ഇന്നലെ അക്കരെ കൊട്ടിയൂരിൽ നടന്നു. നൂറുകണക്കിന് മഠങ്ങളിൽ നിന്നും കഠിനവ്രതക്കാരായ തണ്ടയാന്മാർ എത്തിച്ച ആയിരക്കണക്കിന് ഇളനീർക്കാവുകളാണ് സമർപ്പിച്ചത്. ഇന്നലെ രാത്രി ശ്രീഭൂതബലിക്ക് ശേഷം കാര്യത്ത് കൈക്കോളൻ ഇളനീർ വയ്പ്പിനായി കിഴക്കേ നടയിൽ തട്ടും പോളയും വിരിച്ചു. ഇളനീർ വയ്പ്പിനുള്ള മുഹൂർത്തം നോക്കി രാശി വിളിച്ചതോടെയാണ് ഇളനീർ വെപ്പ് ആരംഭിച്ചത്.

കിഴക്കേ നടയായ മന്ദംചേരിയിൽ മുഹൂർത്തം കാത്തിരുന്ന വ്രതക്കാർ രാശിവിളിച്ചതോടെ ഇളനീർ കാവുമായി ബാവലിപ്പുഴയിൽ മുങ്ങിയ ശേഷം ഓടി സന്നിധാനത്ത് എത്തി തട്ടും പോളയും പടച്ച സ്ഥാനത്ത് മൂന്ന് വലം വെച്ച ശേഷം ഇളനീർ കാവുകൾ സമർപ്പിച്ച് ഭണ്ഡാരം പെരുക്കി വീരഭദ്രനെ വണങ്ങി മടങ്ങി. രാത്രി മുഴുവൻ തുടർന്ന ഇളനീർ സമർപ്പണം എരുവട്ടി തണ്ടയാൻ ഇളനീരിനൊപ്പം ഒരു കുടം എള്ളെണ്ണയും സമർപ്പിച്ചതോടെയാണ് സമാപിച്ചത്.

ഇന്ന് രാത്രിയിൽ ഇളനീർ അഭിഷേകം നടക്കും. രാവിലെ മുതൽ കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തിലുള്ള സംഘം ഇളനീരുകൾ ചെത്തിയൊരുക്കി മണിത്തറയിലെ മുഖമണ്ഡപത്തിൽ കൂട്ടും. തണ്ടയാന്മാരാണ് ഇളനീർ ചെത്താനുള്ള കത്തികൾ സമർപ്പിച്ചത്.

രാത്രിയിൽ കൊട്ടേരിക്കാവിൽ നിന്നും മുത്തപ്പൻ ദൈവം വരവും അകമ്പടിക്കാരും ഓടച്ചൂട്ട് കത്തിച്ച് അതിവേഗം സന്നിധാനത്ത് എത്തി അരിയും കളഭവും സ്വീകരിച്ച് മടങ്ങും. ദൈവത്തിനൊപ്പം എത്തുന്ന സംഘം കോവിലകം കൈയാല തീണ്ടുക എന്ന ചടങ്ങും നടത്തും. മണിത്തറയ്ക്ക് മുന്നിൽ നിന്നും അരിയും കളഭവും സ്വീകരിച്ച് അനുമതി നൽകി മുത്തപ്പൻ ദൈവം മടങ്ങിയ ശേഷം രാശി വിളിക്കുന്നതോടെയാണ് ഇളനീരാട്ടം ആരംഭിക്കുക. ഭക്തർ വ്രതനിഷ്ഠയോടെ സമർപ്പിച്ച ഓരോ ഇളനീരും വെട്ടി ആദ്യം വെള്ളിക്കുടങ്ങളിലും പിന്നീടത് സ്വർണക്കുടങ്ങളിലേക്കും പകർന്ന് ഇടമുറിയാതെ പെരുമാൾക്ക് അഭിഷേകം ചെയ്യും. ഉത്സവകാലത്തെ രണ്ടാമത്തെ ആരാധനാ പൂജയായ അഷ്ടമി ആരാധനയും ഇന്നാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, KOTTIYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL