SignIn
Kerala Kaumudi Online
Monday, 08 June 2026 2.42 AM IST

ഖാദി മേഖലയ്ക്ക് മുഖ്യമന്ത്രിയിൽ പ്രതീക്ഷ

khadi
ഖാദി മേഖല നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചുള്ള നിവേദനം , കേരള ഖാദി ഗ്രാമ വ്യവസായ ഫെഡറേഷൻ സെക്രട്ടറി ഇ.എ. ബാലൻ, മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നു

പയ്യന്നൂർ: ഖാദി വകുപ്പ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയതോടെ സംസ്ഥാനത്തെ ഖാദി മേഖലയെ ബാധിച്ചിരിക്കുന്ന ഗുരുതരപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ ഖാദി സ്ഥാപനങ്ങളും പ്രവർത്തകരും. കേരള ഖാദി ഗ്രാമ വ്യവസായ ഫെഡറേഷനുമായും ഫെഡറേഷൻ നേതൃത്വത്തിൽ പ്രവർത്തിച്ച കേരള ഖാദി സംരക്ഷണ സമിതിയുടെ പ്രസിഡന്റ് എന്ന നിലയിലും ഖാദി മേഖലയുമായി അടുത്തബന്ധം പുലർത്തിയിട്ടുള്ള മുഖ്യമന്ത്രിക്ക് ഖാദി മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് നേരിട്ട് അറിവുള്ളതും പ്രതീക്ഷയ്ക്കു വകനൽകുന്നു.

ഖാദി വ്യവസായ മേഖലയിൽ വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നങ്ങളും അതുവഴിയുള്ള അസംതൃപ്തിയും വർദ്ധിച്ചു വരികയാണെന്ന് തൊഴിലാളി യൂനിയനുകൾ കുറ്റപ്പെടുത്തുന്നു. തൊഴിലാളികളെ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട പ്രവർത്തനം നടത്തുവാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാകുന്നില്ലെന്നും തൊഴിലാളി സംഘടനകൾക്ക് ആക്ഷേപമുണ്ട്. ഭൂരിപക്ഷവും സ്ത്രീ തൊഴിലാളികൾ ജോലി ചെയ്തുവരുന്ന ഖാദി മേഖലയിൽ തൊഴിൽ ദിനങ്ങൾ അടിക്കടി കുറയുന്നതും ചെയ്ത ജോലിയുടെ കൂലി ലഭിക്കാത്തതും തൊഴിലാളികളെ നിരാശരാക്കിയിട്ടുണ്ട്. മിനിമം കൂലി നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അതിനുള്ള ഫണ്ട് സർക്കാരിന്റെ ഇൻകം സപ്പോർട്ട് സ്കീമിൽ നിന്നാണ് നൽകി വരുന്നത്. ഫണ്ട് യഥാസമയം അനുവദിക്കാത്തതിനാൽ പത്തു മാസത്തെ കൂലി ഇപ്പോൾ തന്നെ കുടിശികയാണ്.

കേരള ഖാദി ഗ്രാമ വ്യവസായ ഫെഡറേഷൻ സെക്രട്ടറി ഇ.എ ബാലൻ, മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ചേംബറിൽ സന്ദർശിച്ച് ഖാദി മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും അവയ്ക്ക് ആവശ്യമായ പരിഹാര മാർഗങ്ങളും അവതരിപ്പിച്ചു. നാഷണൽ ഖാദി ലേബർ യൂനിയൻ (ഐ.എൻ.ടി.യു.സി) പ്രസിഡന്റ് എൻ. ഗംഗാധരനും ജനറൽ സെക്രട്ടറി ടി.വി കുഞ്ഞിരാമനും ഇത് സംബന്ധിച്ചു വിശദമായ നിവേദനവും മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.

വെല്ലുവിളികൾ

1.സ്ഥാപനങ്ങൾക്ക് ലഭിക്കാനുള്ള ഭീമമായ റിബേറ്റ് കുടിശ്ശിക,

2.തൊഴിലാളികൾക്ക് യഥാസമയം മിനിമം വേതനം ലഭിക്കുന്നില്ല

3. വ്യാജ ഖാദിയുടെ വ്യാപനം,

4.പ്രവർത്തന മൂലധനത്തിന്റെ അപര്യാപ്തത

5.നെയ്തെടുക്കുന്ന തുണിത്തരങ്ങൾ പ്രതീക്ഷിക്കുന്ന വേഗത്തിൽ വിറ്റഴിക്കാനാകുന്നില്ല

ഖാദിയെ കൂടുതൽ ജനകീയമാക്കണം

1. ആരോഗ്യ വകുപ്പിനും ഇതര സ്ഥാപനങ്ങളിലും ആവശ്യമായ തുണിത്തരങ്ങൾ ഖാദിയിൽ നിന്ന് വാങ്ങുക,

2. ഖാദിവ്യവസായം നിലനിർത്തുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കുക,

3. മിനിമം കൂലി പുതുക്കി നിശ്ചയിച്ച് തൊഴിലാളികളുടെ അസംതൃപ്തി ഒഴിവാക്കുക

4. ഖാദിയെ നവീകരിച്ച് പുതുതലമുറയെ ആകർഷിക്കുന്ന ഉത്പന്നങ്ങൾ വികസിപ്പിക്കുക

5. ഉത്പാദനക്ഷമത വർദ്ധിപ്പിക്കൽ, ബ്രാൻഡിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിസൈൻ നവീകരണം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, KHADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL