SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.37 AM IST

കനത്തമഴയിൽ കനത്ത നാശം

building
കനത്ത മഴയിൽ കണ്ണൂർ തളാപ്പ് എൽ.ഐ.സി ഓഫിസിനു മുന്നിലുള്ള കെട്ടിടം തകർന്ന നിലയിൽ

തളാപ്പിൽ കെട്ടിടവും മതിലും റോഡിലേക്ക് ഇടിഞ്ഞുവീണു

കണ്ണൂർ: കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം. മേലെ ചൊവ്വ, തളാപ്പ്, അഞ്ചുകണ്ടി എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറി. പലിയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മേലെ ചൊവ്വ ശിവക്ഷേത്രത്തിന് സമീപമുള്ള വീടുകളിലും തളാപ്പിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും വെള്ളം കയറി. താളിക്കാവ്, കണ്ണൂർ സിറ്റി, താഴെചൊവ്വ എന്നിവിടങ്ങളിൽ പലയിടത്തും വെള്ളം കെട്ടിനിൽക്കുന്നുണ്ട്.

കണ്ണൂർ തളാപ്പിൽ കെട്ടിടവും മതിലും റോഡിലേക്ക് ഇടിഞ്ഞുവീണു. തളാപ്പ് എൽ.ഐ.സി റോഡിന് സമീപത്തെ പഴയ കെട്ടിടത്തിന്റെ ഒരുവശവും മതിലുമാണ് പൂർണമായും തകർന്നു വീണത്. ആളുകൾ സ്ഥിരമായി നടന്നുപോകുന്ന ചെറിയ റോഡിലേക്കാണ് അവശിഷ്ടങ്ങൾ പതിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു അപകടം. അപകട സമയത്ത് റോഡിൽ ആരുമില്ലാത്തതിനാൽ അപകടം ഒഴിവായി.

റോഡിന് കുറുകെ കടന്നുപോകുന്ന നിരവധി കെട്ടിട കേബിളുകൾക്കും കെ.എസ്.ഇ.ബി ലൈനുകൾക്കും മുകളിലേക്കാണ് അവശിഷ്ടങ്ങൾ പതിച്ചത്. ലൈനിലെ പവർ ഓഫായിരുന്നതിനാൽ ഷോക്കേൽക്കാനുള്ള വലിയൊരു സാദ്ധ്യത ഒഴിവായി. കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി ലൈനുകൾ അറുത്തുമാറ്റി. ജില്ലാ ഫയർ ഓഫിസർ അരുണിന്റെ നേതൃത്വത്തിൽ അഗ്നിശമന രക്ഷാസേനാംഗങ്ങൾ തകർന്നു വീണ കെട്ടിടത്തിന്റെയും മതിലിന്റെയും അവശിഷ്ടങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തു. അപകട വിവരമറിഞ്ഞ് മേയർ അഡ്വ. പി. ഇന്ദിര, എം.എൽ.എമാരായ ടി.ഒ മോഹനൻ, കെ.വി സുമേഷ്, കോർപറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷ ലിഷ ദീപക്, കൗൺസിലർ അർച്ചന വണ്ടിച്ചാൽ, നേതാക്കളായ ഇ.പി ജയരാജൻ, മാർട്ടിൻ ജോർജ്, കെ.കെ രാഗേഷ് തുടങ്ങിയവർ സ്ഥലത്തെത്തി.

വെള്ളത്തിൽ മുങ്ങി മാർക്കറ്റ് റോഡും

ഇന്നലെ പെയ്ത കനത്ത മഴയിൽ കണ്ണൂർ മാർക്കറ്റ് റോഡും വെള്ളത്തിൽ മുങ്ങി. ഇവിടെ റോഡുകളിൽ രൂപപ്പെട്ട കുഴിയിൽ വെള്ളം നിറഞ്ഞത് യാത്രക്കാ‌ർക്ക് വലിയ ദുരിതമായി. ഇതിലൂടെ നടന്നു പോകുന്ന യാത്രക്കാരുടെ ദേഹത്ത് വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളി വെള്ളം തെറിക്കുകയാണ്. റോഡിന്റെ അവസ്ഥ കച്ചവടത്തെ ബാധിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. മഴ കനക്കുന്നതോടെ ഇതിലൂടെയുള്ള യാത്ര ദുഷ്കരമായാൽ പിന്നെ ആളുകൾ ഈ ഭാഗത്തേക്ക് വരില്ലെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്.

കുപ്പത്ത് റോഡിലും വീടുകളിലും ചെളിവെള്ളം

കുപ്പത്ത് ഇന്നലെ പെയ്ത് കനത്ത മഴയിൽ റോഡിലേക്ക് ചെളിവെള്ളം ഒലിച്ചിറങ്ങി. ദേശീയപാത നി‌ർ‌മ്മാണം നടക്കുന്ന കുപ്പം കപ്പണത്തട്ട് മേഖലയിൽ മണ്ണിടിച്ചിൽ വ്യാപകമാണ്. സി.എച്ച് നഗറിലെ വീടുകൾ വെള്ളത്തിലും ചെളിയിലും മുങ്ങി. റോഡ് പണി നടക്കുന്ന കപ്പണതട്ടിൽ നിന്ന് ഒഴുകിയെത്തുന്ന ചെളിവെള്ളമാണ് സി.എച്ച് നഗറിലെ വീടുകളിലും റോഡിലും തളംകെട്ടി നിൽക്കുന്നത്. ഇവിടെ പല വീടുകളിലെ കിണറുകളിലും ചെളിവെള്ളം നിറഞ്ഞിട്ടുണ്ട്. ഇവിടെയുള്ള കുടുംബങ്ങൾ നേരിടുന്ന ദുരിതത്തിന് പരിഹാരം കാണാൻ കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. പ്രദേശത്ത് ചെറിയ മഴ പെയ്താൽ തന്നെ വെള്ളവും ചെളിയും വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും കുടിവെള്ള സ്രോതസിലേക്കും ഒഴുകിയെത്തുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL