SignIn
Kerala Kaumudi Online
Sunday, 14 June 2026 3.15 AM IST

കെ.എസ്.ആർ.ടി.സിയുടെ കുടിയാന്മല യാത്രയ്ക്ക് അര നൂറ്റാണ്ട്

ksrtc
കുടിയാന്മലയിലേക്കുള്ള കെ.എസ്.ആർ.ടി സ് ബസ് നടുവിൽ ബസ് സ്റ്റാൻഡിൽ

നടുവിൽ: മലയോര കുടിയേറ്റ ഗ്രാമമായ കുടിയാന്മലയിലേക്ക്‌ കെ.എസ്.ആർ.ടി.സി കുടിയേറിയിട്ട് അര നൂറ്റാണ്ടാകുന്നു. 1978 മേയ് മാസത്തിലാണ് കണ്ണൂരിൽ നിന്നും നടുവിൽ വഴി കുടിയാന്മലയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചത്.

മലയോര ഗ്രാമങ്ങളിലേക്ക് സ്വകാര്യ ബസുകൾ അപൂർവ്വമായിരുന്ന കാലത്ത് വാനുകളും ജീപ്പുകളും ആയിരുന്നു യാത്രക്കാരുടെ ആശ്രയം. വലിയ കയറ്റങ്ങളും വളവുകളും നിറഞ്ഞതും വീതി കുറഞ്ഞതുമായ റോഡുള്ള കുടിയാന്മലയിലേക്ക് സർവീസ് നടത്തുവാൻ സ്വകാര്യബസ്സുടമകൾ തയാറായിരുന്നില്ല. ഇതേതുടർന്ന് 1978ൽ അന്നത്തെ പ്രാദേശിക കോൺഗ്രസ് നേതാവും പിൽക്കാലത്ത് നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതനായ ഫിലിപ്പ് പെരുമ്പുഴയുടെ ശ്രമഫലമായാണ് ഒരു ബസ് കുടിയാന്മലയിലേക്ക് അനുവദിച്ചു കിട്ടിയത്.

അടുത്തവർഷം തന്നെ റൂട്ട് ദേശസാത്കരിച്ച് കൂടുതൽ ബസ് സർവീസുകൾ ആരംഭിച്ചു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഈ പ്രദേശത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി ബസ് സർവീസ്. കണ്ണൂർ ഡിപ്പോയിൽ നിന്നും പയ്യന്നൂർ ഡിപ്പോയിൽ നിന്നുമായി 14 സർവീസുകൾ ഇപ്പോൾ ഇതുവഴി ഓടുന്നുണ്ട്.

സ്ത്രീ യാത്രക്കാർ ആഹ്ലാദത്തിൽ
സ്ത്രീകൾക്ക് ഇന്നുമുതൽ കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര ആരംഭിക്കുമ്പോൾ കണ്ണൂരിൽ നിന്ന് തളിപ്പറമ്പ് വഴി ഒടുവള്ളിയിലൂടെ കുടിയാന്മലയിലേക്ക് യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാർ ആഹ്ലാദത്തിലാണ്. ഇതുവഴി ഓടുന്ന പതിനാലു സർവീസുകളിൽ 13ഉം ഓർഡിനറി ബസ്സുകളാണ്. കണ്ണൂർ ഡിപ്പോയിൽ നിന്ന് 12 ബസുകളും പയ്യന്നൂർ ഡിപ്പോയിൽ നിന്ന് ഒരു ബസ്സും. കനകക്കുന്ന്, വലിയ അരീക്കമല, ചെറിയ അരീക്കമല, പൊട്ടൻപ്ലാവ്, വൈതൽമല എന്നിവിടങ്ങളിലേക്കും ഇതുവഴി സർവീസ് ഉണ്ട്. നടുവിൽ, മണ്ടളം, കൈതളം, പുലിക്കുരുമ്പ, വിളക്കണ്ണൂർ, ഒടുവള്ളി എന്നിവിടങ്ങളിലെയും തളിപ്പറമ്പ് വരെയുള്ള മറ്റു സ്റ്റോപ്പുകളിലെയും സ്ത്രീയാത്രക്കാർക്ക് സൗജന്യ യാത്രയുടെ ആനുകൂല്യം ലഭ്യമാകും. സൗജന്യ യാത്രയുടെ ഇരിക്കൂർ നിയോജക മണ്ഡലം തല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9ന് സജീവ് ജോസഫ് എം.എൽ.എ നടുവിലിൽ നിർവഹിക്കും.

ആദ്യസാരഥികൾ ഇവിടെയുണ്ട്
നടുവിൽ വഴി കുടിയാന്മലയിലേക്ക് 1978ൽ ആദ്യ സർവീസ് നടത്തുമ്പോൾ സാരഥികളായിരുന്ന ഡ്രൈവർ പരേതനായ ജയിംസും കണ്ടക്ടർ സി. കുഞ്ഞികൃഷ്ണനും നടുവിൽ സ്വദേശികളായിരുന്നു. പിന്നീട് ഇവർ ദീർഘകാലം ഈ റൂട്ടിൽ തന്നെ സേവനം ചെയ്തു. കുഞ്ഞികൃഷ്ണൻ ഇപ്പോൾ കല്യാശേരിയിലാണ് താമസം. റെവന്യു വകുപ്പിൽ ഡെപ്യൂട്ടി കളക്ടറും എ.ഡി.എമ്മും ആയിരുന്ന എ.സി. മാത്യുവും ആദ്യകാലത്ത് ഈ റൂട്ടിൽ കണ്ടക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു. ജനകീയ കണ്ടക്ടർ എന്ന നിലയിൽ യാത്രക്കാരുടെ പ്രിയപ്പെട്ടയാളായിരുന്നു മാത്യൂസ് സാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL