കൊട്ടിയൂർ: വൈശാഖ മഹോത്സവകാലത്തെ നാലാമത്തെയും അവസാനത്തെയും ആരാധനാപൂജയായ രോഹിണി ആരാധന ഇന്ന് നടക്കും. എല്ലാ ആരാധനാപൂജകളിലും ഉച്ചയ്ക്ക് പൊന്നിൻ ശിവേലി, ആരാധനാ സദ്യ, സന്ധ്യയ്ക്ക് പെരുമാൾക്ക് പാലമൃത് അഭിഷേകം കളഭാഭിഷേകം എന്നിവ ഉണ്ടാകും.
രോഹിണി നാളിലാണ് സവിശേഷമായ ആലിംഗന പുഷ്പാഞ്ജലി നടക്കുക. കുറുമാത്തൂർ നായ്ക്കൻ സ്ഥാനികനാണ് ആലിംഗന പുഷ്പാഞ്ജലി നടത്താനുള്ള അവകാശമുള്ളത്. കുറുമാത്തൂർ ഇല്ലത്തെ കൃഷ്‌ണൻ നമ്പൂതിരിപ്പാടാണ് ആലിംഗന പുഷ്പാഞ്ജലി നടത്തുക. ഉച്ചപ്പൂജയ്ക്കൊപ്പമാണ് ആലിംഗന പുഷ്പാഞ്ജലി. തുളസിക്കതിരും തീർത്ഥവും അർപ്പിച്ച ശേഷം സ്വയംഭൂ വിഗ്രഹത്തെ കുറുമാത്തൂർ നായ്ക്കൻ ഇരുകൈകളും കൊണ്ട് ആലിംഗനം ചെയ്ത് നടത്തുന്ന പൂജയാണിത്.
വൈശാഖ മഹോത്സവം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഈ ഉത്സവകാലത്തെ ഏറ്റവും വലിയ ഭക്തജനത്തിരക്കാണ് ഇന്നലെ കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. പുലർച്ചെ നട തുറക്കുന്നതിനു മുമ്പുതന്നെ അക്കരെ കൊട്ടിയൂർ ഭക്തജനങ്ങളെക്കൊണ്ട് നിറഞ്ഞു. കിഴക്കേ നടവഴിയുള്ള ദർശനത്തിന്റെ ക്യൂ രാവിലെ ആറുമണിയോടെ തന്നെ പുതിയ സ്റ്റീൽ പാലവും കടന്ന് മന്ദംചേരി വരെ നീണ്ടു.
മണിക്കൂറുകളോളം ഗതാഗത കുരുക്ക്
കൊട്ടിയൂരിലേക്ക് വാഹനങ്ങൾ ഒഴുകിയെത്തിയതോടെ മണിക്കൂറുകളോളം ഗതാഗത കുരുക്കും അനുഭവപ്പെട്ടു.
മഞ്ഞളാംപുറം തലശ്ശേരി റോഡിൽ നെടുംപൊയിൽ കൊമ്മേരി വരെയും മണത്തണ മലയാര ഹൈവേയിൽ പാലപ്പുഴ വരെയും ഗതാഗത കുരുക്ക് രൂപപ്പെട്ടു. ഇതോടെ തീർത്ഥാടകർ മണിക്കൂറുകളോളം വലഞ്ഞു. കൊട്ടിയൂരിലെ പാർക്കിംഗ് ഗ്രൗണ്ടുകൾ എല്ലാം നിറഞ്ഞതോടെ വീടുകളുടെ മുറ്റവും ഒഴിവുള്ള മറ്റ് സ്ഥലങ്ങളിലുമെല്ലാം വാഹനങ്ങൾ പാർക്ക് ചെയ്തു. ഇന്നലെയും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരായിരുന്നു കൂടുതലും എത്തിയത്.
പൊലീസ് ഇടപെട്ട് ഗതാഗതം നിയന്ത്രിച്ചതോടെയാണ് ഗതാഗത കുരുക്കിന് ശമനമുണ്ടായത്. നിടുംപൊയിൽ, ഇരിട്ടി, മാനന്തവാടി എന്നിവിടങ്ങളിൽ വാഹനങ്ങൾ പിടിച്ചുവെച്ച ശേഷം കൊട്ടിയൂരിലെ തിരക്ക് ഒഴിയുന്നതനുസരിച്ച് വാഹനങ്ങൾ കൊട്ടിയൂരിലേക്ക് കടത്തിവിടുകയായിരുന്നു. തിരുവഞ്ചിറയിലെ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസ് സേന എത്തിയതും ഭക്തർക്ക് ആശ്വാസമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |