കണ്ണൂർ: ചെണ്ടമേളങ്ങൾ നിലച്ചു. തൃക്കണ്ണുകൾ അടച്ചു. ചൂട്ടുവെട്ടം അണഞ്ഞു. കോലങ്ങൾ അണിയറയിലേക്കു മടങ്ങി. വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ കളരിയാൽ ഭഗവതിയുടെ പെരുംതിരുമുടി ഉയർന്നതോടെ ഉത്തരകേരളത്തിലെ തെയ്യോത്സവ കാലത്തിന് ഒരിക്കൽകൂടി പരിസമാപ്തിയായി. ഇനി തുലാമാസം പിറക്കണം കളിയാട്ടത്തിന്റെ ചെണ്ടക്കൂറ്റ് വീണ്ടും ഉണരാൻ.
കോലസ്വരൂപത്തിന്റെ തായ്പ്പരദേവതയായ വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലെ കലശ പെരുങ്കളിയാട്ടമാണ് ഉത്തരമലബാറിന്റെ തെയ്യോത്സവ കലണ്ടറിലെ അവസാന ഏടായി ഓരോ വർഷവും മാറുന്നത്. ആ ദൈവിക ചടങ്ങ് ഇന്നലെ ഉച്ചതിരിഞ്ഞ് 4.30ന് പൂർണതയിലെത്തി.
കോലധാരി ബാബു മുത്താനിശ്ശേരി പെരുവണ്ണാൻ കളരിയാൽ ഭഗവതിയുടെ കലശ തിരുമുടിയേറ്റിയതോടെ ക്ഷേത്രാങ്കണം ഭക്തി സാന്ദ്രമായി. നാടിന്റെ നാനാദിക്കുകളിൽനിന്നെത്തിയ ആയിരക്കണക്കിന് ഭക്തർ ആ ദിവ്യദർശനത്തിൽ അലിഞ്ഞുചേർന്നു.
കളരിയാൽ ഭഗവതിയുടെ തിരുമുടി ഉയർന്നതിനു പിന്നാലെ ക്ഷേത്രപാലകൻ, പാടിക്കുറ്റി, സോമേശ്വരി, ചുഴലി, കാളരാത്രി, തിരുവർകാട്ടു ഭഗവതി എന്നീ ആറ് ചെറുതിറകളും ക്ഷേത്ര മുറ്റത്ത് വന്നണഞ്ഞു. ഒടുവിൽ കളരിയാൽ ഭഗവതിയുടെയും ഈ ആറ് കോലങ്ങളുടെയും തിരുമുടി അഴിഞ്ഞ് അണിയറയിലേക്കു മടങ്ങിയതോടെ ഉത്തരകേരളത്തിലെ കാവുകൾ നിശ്ശബ്ദമായി.
ഇനി കനലാടിമാർക്ക് വിശ്രമത്തിന്റെ കാലം. തുലാമഴ പെയ്തിറങ്ങി കിഴക്കൻ ആകാശം തെളിയുമ്പോൾ, കളിയാട്ടത്തിന്റെ ചെണ്ടമേളം വീണ്ടും ഉണരും. ദൈവങ്ങൾ ഭൂമിയിലേക്ക് ഇറങ്ങുന്ന കാലം വീണ്ടും ആവർത്തിക്കും.
പെരുംതിരുമുടി
പെരുംതിരുമുടിയുടെ മഹിമ ചെറുതല്ല. ഏഴ് കമുകും 71 മുളകളും ഉപയോഗിച്ച്, 21 കോൽ ഉയരവും 6.75 കോൽ വീതിയും ഉള്ളതാണ് പെരുംതിരുമുടി. നാല് ദിവസം വ്രതമെടുത്ത് ഏകാഗ്രചിത്തരായ നാലുപുരക്കൽ ആശാരിമാരാണ് തിരുമുടി തീർക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |