
പരിശോധന കണ്ണൂർ കോർപറേഷൻ, തളിപ്പറമ്പ്, പയ്യന്നൂർ നഗരസഭകൾ, ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ
കണ്ണൂർ:സംസ്ഥാന വ്യാപകമായി ഓപറേഷൻ പാർപ്പിടം എന്ന പേരിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ജില്ലയിൽ കണ്ണൂർ കോർപറേഷൻ, തളിപ്പറമ്പ്, പയ്യന്നൂർ നഗരസഭകൾ, ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലായിരുന്നു പരിശോധന. വാണിജ്യ കെട്ടിടങ്ങൾക്കെതിരെ ഉയർന്ന പരാതികളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്.
ജില്ലയിൽ നടത്തിയ പരിശോധനയിൽ പല വാണിജ്യ കെട്ടിടങ്ങളും പാർക്കിംഗ് ഏരിയ ഇല്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി.പലയിടത്തും പാർക്കിംഗ് ഏരിയകൾ പോലും വാണിജ്യ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഇവിടങ്ങളിൽ അനധികൃതമായി നിർമ്മാണങ്ങൾ നടത്തിവരുന്നതായും വിജിലൻസ് സംഘം കണ്ടെത്തി. പല കെട്ടിടങ്ങളുടെയും വശങ്ങളിൽ ആവശ്യമായ സ്ഥലം വിടാതെയാണ് നിർമ്മാണം. തീരദേശ നിയമം ലംഘിച്ചുള്ള നിർമ്മാണങ്ങളും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പല തദ്ദേശസ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർ കെട്ടിട പരിശോധനയ്ക്ക് പോകാത്തതും പരാതി വന്നാൽ മാത്രം നടപടി സ്വീകരിക്കുന്നതും വിജിലൻസിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ചുള്ള റിപ്പോർട്ട് സർക്കാരിന് കൈമാറി തുടർ നടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് അറിയിച്ചു.
പയ്യന്നൂരിൽ ഒ.കെയാണ്
അതെ പയ്യന്നൂർ നഗരസഭയിലെ കെട്ടിടനിർമ്മാണ ചട്ടലംഘനങ്ങളിൽ ഉദ്യോഗസ്ഥർ കൃത്യമായി നടപടി സ്വീകരിച്ചതായി വിജിലൻസ് പരിശോധനയിൽ തെളിഞ്ഞു. വാണിജ്യ സ്ഥലങ്ങളായി മാറ്റിയ പാർക്കിംഗ് ഏരിയകൾ ഉദ്യോഗസ്ഥരുടെ നടപടിയോടെ പൂർവ്വസ്ഥിതിയിലാക്കിയതായി കണ്ടെത്തി.
കണ്ണൂർ കോർപറേഷനിൽ വിജിലൻസ് കോഴിക്കോട് റേഞ്ച് ഡിവൈ.എസ്.പി രമേഷ്, പയ്യന്നൂർ നഗരസഭയിൽ കണ്ണൂർ യൂണിറ്റ് വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, തളിപ്പറമ്പിൽ ഇൻസ്‌പെക്ടർ സുനിൽകുമാർ, ചെമ്പിലോട് ഗ്രാമ പഞ്ചായത്തിൽ ബിനു മോഹൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |