മാഹി: ഇടതു കൈയുടെ ചികിത്സക്കെത്തിയ വൃദ്ധക്ക് രോഗമില്ലാത്ത വലത് കൈക്ക് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ചികിത്സ നടത്തിയതിനെത്തുടർന് കൈക്ക് പൊള്ളലേറ്റ് വ്രണമായതായി പരാതി. എഴുപത്തിയഞ്ചുകാരിയായ ചാലക്കരയിലെ മേലന്തൂർ മീത്തൽ ലീലാവതിക്കാണ് ഈ ദുരനുഭവം.
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്ത് വീട്ടിലേക്ക് വരുമ്പോൾ വീണ് ഇടത്തെ കൈയുടെ കൈപ്പത്തിയുടെ എല്ല് പൊട്ടിയിരുന്നു. ഇരിട്ടിയിലെ കാരുണ്യ ആശുപത്രിയിൽ ചികിത്സിച്ച് ഭേദമാക്കിയിരുന്നു. ഫിസിയോ തെറാപ്പിയും നടത്തിയിരുന്നു. പിന്നീട് ഇടത്തെ കൈക്ക് കടച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് മാഹി ചാലക്കര ആയുർവേദ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോ. ജലാലുദ്ദീനെ കാണി കിഴിവെച്ചു. രോഗബാധിതമായ ഇടത്തെ കൈക്ക് പകരം വലത്തെ കൈക്കാണ് ചുട്ടുപൊള്ളുന്ന പൂഴി നിറച്ച കിഴിവെച്ചത്. അസഹ്യമായ ചൂട് അനുഭവപ്പെട്ടതോടെ കിഴിവയ്ക്കല്ലെന്നും, ചൂട് വളരെ കൂടുതലാണെന്നും, ഇടത്തെ കൈക്കാണ് വേദനയെന്നും പലവട്ടം പറഞ്ഞെങ്കിലും, നിങ്ങൾക്ക് ചൂട് തോന്നുന്നതാണെന്ന് പറഞ്ഞ് വീണ്ടും കിഴി തുടരുകയായിരുന്നു. സഹിക്കാനാവാതെ രോഗി കുതറി ഇറങ്ങുകയായിരുന്നു. കൈ കരുവാളിച്ചപ്പോൾ, ചികിത്സ വേണ്ടെന്നും വീട്ടിലേക്ക് പോവുകയാണെന്നും രോഗി അറിയിച്ചു. തുടർന്ന് വെള്ളക്കടലാസിൽ സ്വന്തം ഇഷ്ടപ്രകാരം ഡിസ്ചാർജ് ചെയ്യണമന്ന് എഴുതി വാങ്ങിക്കുകയും പൊള്ളലേറ്റതിനുള്ള മരുന്ന് പുറത്തു നിന്ന് വാങ്ങാൻ കുറിപ്പെഴുതി നൽകുകയുമായിരുന്നു. തുടർന്ന് കൈപ്പത്തിയിൽ കുമിളകൾ പ്രത്യക്ഷപ്പെടുകയും പൊട്ടുകയും ചെയ്തു. മരുന്ന് പുരട്ടിയെങ്കിലും മുറിവ് പഴുക്കുകയായിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ നിർദ്ധനയായ വൃദ്ധ വേദന സഹിച്ച് ചാലക്കരയിലെ മകളുടെ ഭർത്താവിന്റെ വീട്ടിൽ കഴിയുകയാണ്.
മേലധികാരികൾക്ക് പരാതി
സംഭവത്തിൽ വൃദ്ധ മേലധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിന് മുമ്പും ഈ ആശുപത്രിക്കെതിരെ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. മതിയായ പരിശീലനം സിദ്ധിച്ചിട്ടില്ലാത്തവരാണ് ഇവിടെ തടവൽ നടത്തുന്നതെന്നാണ് ആക്ഷേപം. സർക്കാർ ആശുപത്രിയാണെങ്കിലും ചില ഡോക്ടർമാർ വിലപിടിച്ച മരുന്നുകൾ സ്വകാര്യ മരുന്നു ഷാപ്പുകളിലേക്ക് എഴുതിക്കൊടുക്കുകയാണെന്നും പരാതിയുണ്ട്. ചില ഡോക്ടർമാരുടെ ബിനാമി മരുന്ന് ഷാപ്പുകളാണിവ. മറ്റെവിടെയും ഈ മരുന്നുകൾ കിട്ടുകയുമില്ല. നിരാലംബരും നിർദ്ധനരുമായ രോഗികൾക്ക് അത്താണിയാവേണ്ട സർക്കാർ ആതുരാലയം രോഗികളെ പിഴിയുന്ന സ്ഥാപനമായി മാറുന്നതിൽ വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്.
വൃദ്ധയുടെ കൈക്ക് പൊള്ളലേറ്റ നിലയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |