കണ്ണൂർ: ആയിക്കര ഹാർബറിൽ വലകൾ സൂക്ഷിക്കുന്ന ഷെഡ് കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം. ശനിയാഴ്ച്ച പുലർച്ചെ ഒന്നര മണിയോടെയാണ് ആയിക്കര ഹാർബറിനകത്തെ വലകളും മറ്റും സൂക്ഷിക്കുന്ന സിറ്റി നാലുവയൽ സ്വദേശി ആഷിറിന്റെ ഉടമസ്ഥതയിലുള്ള ഷെഡ് കത്തി നശിച്ചത്.
മുറിയിൽ സൂക്ഷിച്ച നാല് ഫൈബർ വള്ളങ്ങളുടെ പുതിയതും പഴയതുമായ വലകൾ, എഞ്ചിൻ, വയർലസ് ഉപകരണങ്ങൾ ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. സമീപത്തെ മുറികളിലെ വയറിംഗും പൂർണമായും കത്തിനശിച്ചു. പുറത്തുണ്ടായിരുന്ന വലകളിലും തീ പടർന്നിരുന്നു. ഷെഡിന്റെ മേൽക്കൂരയും പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലാണ് തീ ആളി പടരുന്നത് ഒഴിവാക്കിയത്. തീവച്ചു നശിപ്പിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ആഷിറിന്റെ പിതാവ് ഹംസ ചില ദിവസങ്ങളിൽ ഷെഡിൽ താമസിക്കാറുണ്ട്. വെള്ളിയാഴ്ച രാത്രി ഹംസ കിടന്നുറങ്ങുന്ന സമയത്ത് അന്യ സംസ്ഥാനക്കാരനായ യുവാവ് മുറിയിൽ എത്തിയിരുന്നു. തുടർന്ന് ഹംസ മുറി പൂട്ടി പുറത്തേക്ക്‌പോയി. ഇതിനു ശേഷം പുലർച്ചെയോടെയാണ് തീപിടുത്തമുണ്ടായത്. സിറ്റി പൊലീസ് ഇൻസ്‌പെക്ടർ ഇ.കെ. ഷിജു, എസ്.ഐ എം. പ്രശോഭ് തുടങ്ങിയവർ സ്ഥലത്തെത്തി. ഹംസയുടെ മറ്റൊരു മകൻ കാസിമാണ് പൊലീസിൽ പരാതി നൽകിയത്.
ആയിക്കരയിൽ വലകൾ സൂക്ഷിക്കുന്ന പല സ്ഥലങ്ങളിലും വളരെ അപകടകരമായ സാഹചര്യങ്ങളാണുള്ളത്. ഭൂരിപക്ഷം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ അവിടെ വെച്ചാണ് പാചകം ചെയ്യുന്നത്. നിരവധി തവണ ഫിഷറീസും പൊലീസും ഇതിനെതിരെ മുന്നറിയിപ്പ് നൽകിയതാണ്. തീപിടിച്ച ഷെഡിനകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തിട്ടത്. ഭക്ഷണം പാചകം ചെയ്യുന്ന പാത്രങ്ങൾ കത്തിയ ഷെഡിനകത്തുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |