ജലസേചന വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
മട്ടന്നൂർ: അണ്ടർ ടണൽ തകർച്ചയെ തുടർന്ന് രണ്ടായി വേർപ്പെട്ട പഴശ്ശി കനാലും ടണലും പുനർനിർമ്മിക്കാൻ ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ ദിവസമാണ് പഴശ്ശി പദ്ധതിയുടെ മെയിൻ കനാലിന്റെ ഭാഗമായ അണ്ടർ ടണൽ തകർന്നതിനെ തുടർന്ന് തെളുപ്പ് തേക്കിൻകാട് കനാൽ രണ്ടായി വേർപ്പെട്ടത്. ഇതിനെ തുടർന്ന് എട്ടോളം വീടുകൾ വെള്ളത്തിനടിയിൽ ആവുകയും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ഗതാഗതം പൂർണമായി നിലക്കുകയും ചെയ്തിരുന്നു.
പ്രദേശത്ത് എത്തിയ മട്ടന്നൂർ മണ്ഡലം എം.എൽ.എ വി.കെ സനോജ് വിഷയത്തിന്റെ ഗൗരവം അപ്പോൾ തന്നെ ജലസേചന വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് മട്ടന്നൂർ, കീഴല്ലൂർ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാരെയും ജലസേചന വകുപ്പിന്റെയും ജല അതോറിറ്റിയുടെയും ഉദ്യോഗസ്ഥരും ചേർന്നുള്ള യോഗം തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിൽ വിളിച്ചു ചേർത്തത്. കണ്ണൂർ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള റവന്യൂ അധികാരികളും യോഗത്തിൽ പങ്കെടുത്തു. പഴശ്ശി പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് എം.എൽ.എയും തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
തുടർന്ന് അടിയന്തര പ്രാധാന്യത്തോടെ തകർന്ന ഭാഗം പുനർനിർമ്മിക്കാനും അതിനായി മൂന്നു കോടി രൂപയുടെ എസ്റ്റിമേറ്റ് ഉടൻ തയ്യാറാക്കി മന്ത്രിസഭ യോഗത്തിൽ അവതരിപ്പിക്കാനും തീരുമാനിച്ചു. തുടർന്ന് പഴശ്ശി പദ്ധതിയുമായി ബന്ധപ്പെട്ട് വിപുലമായ യോഗം വൈദ്യുതി വകുപ്പ് മന്ത്രിയുടെ കൂടി സാന്നിദ്ധ്യത്തിൽ ചേരാനും വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി പദ്ധതി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാനും തീരുമാനിച്ചു. വി.കെ. സനോജ് എം.എൽ.എ, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സി.സജീവൻ, കീഴല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. രുധീഷ് എന്നിവർ യോഗത്തിൽ ഉണ്ടായിരുന്നു.
അടിയന്തര നഷ്ടപരിഹാരം
പരിഗണനയിൽ
ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ് പഴശി പദ്ധതി പ്രദേശം അടുത്ത മാസത്തോടെ സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളം കയറി നാശനഷ്ടം ഉണ്ടായ വീടുകളിലെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കാൻ കണ്ണൂർ ജില്ലാ കളക്ടറോട് മന്ത്രി നിർദ്ദേശിച്ചു. സംഭവിച്ച നാശനഷ്ടത്തിന്റെ കണക്ക് ഉടൻ തയ്യാറാക്കി നൽകാനും നിർദേശം നൽകി. പ്രത്യേക പാക്കേജ് ഈ നഷ്ടപരിഹാരത്തിന് ഉണ്ടാകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. മട്ടന്നൂരിൽ പഴശ്ശി പദ്ധതിയുടെ പുതിയ ഓഫീസ് തുറക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |