
രണ്ടുമുതൽ എട്ടുമാസം വരെ ശമ്പളം മുടക്കി കരാർ കമ്പനി വിശ്വസമുദ്ര
കണ്ണൂർ:മാസങ്ങളായി ശമ്പളം മുടങ്ങിയെന്നാരോപിച്ച് തൊഴിലാളികൾ പണിമുടക്കിയതിനെ തുടർന്ന് ദേശീയപാത 66 കണ്ണൂർ കുറ്റിക്കോൽ -നടാൽ റീച്ചിൽ പ്രവൃത്തി മുടങ്ങി.
ഈ റീച്ചിലെ കരാർ ഏറ്റെടുത്ത വിശ്വസമുദ്ര നിർമ്മാണ കമ്പനിയുടെ കരാർ തൊഴിലാളികളാണ് പണിമുടക്കി കാട്ടാമ്പള്ളി കോട്ടക്കുന്നിലെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.
കഴിഞ്ഞ ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം ഇതുവരെയും ലഭിച്ചില്ലെന്ന് തൊഴിലാളികൾ പറഞ്ഞു.പ്രവൃത്തികൾക്കായി കരാർ അടിസ്ഥാനത്തിൽ ഓട്ടം നടത്തുന്ന ലോറി ഉടമകൾക്കും കഴിഞ്ഞ ഏഴു മാസമായി പ്രതിഫലം ലഭിച്ചില്ല. നിർമ്മാണ തൊഴിലാളികക്ക് പുറമേ ഡ്രൈവർ, ഹെൽപർ, മെക്കാനിക്, ഇലക്ട്രീഷ്യൻ, പാചകക്കാർ ഉൾപ്പെടെ അഞ്ഞൂറിലധികം തൊഴിലാളികളാണ് രണ്ട് മാസമായി ശമ്പളത്തിനായി കാത്തുനിൽക്കുന്നത്. ഭൂരിഭാഗം വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ ശമ്പളം ലഭിക്കാതെ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കെ.വി.സുമേഷ് എം.എൽ.എ , വളപട്ടണം എസ്.എച്ച്.ഒ ടി.എം.വിപിൻ തുടങ്ങിയവർ കമ്പനി പ്രതിനിധികളുമായി സംസാരിച്ചു. തുടർന്ന് ഒരു മാസത്തെ ശമ്പളം ഇന്നലെ തന്നെ നൽകാമെന്ന് അറിയിച്ചെങ്കിലും നേരത്തെ ധാരണ തെറ്റിച്ച അനുഭവമുള്ളതിനാൽ രണ്ടു മാസത്തെ മുടങ്ങിയ ശമ്പളം കിട്ടിയാൽ മാത്രമെ ജോലി ചെയ്യുകയുള്ളുവെന്ന നിലപാടെടുത്തു.മുൻ കാലങ്ങളിൽ പൊലീസ് സാന്നിദ്ധ്യത്തിൽ നൽകിയ ഉറപ്പ് കമ്പനി അധികൃതർ പാലിച്ചില്ലെന്നാണ് തൊഴിലാളികൾ പറഞ്ഞത്.
വലിയ തുക പിടിക്കും; നൽകുന്നത് വായിൽ കൊള്ളാത്ത ഭക്ഷണം
പന്ത്രണ്ട് മണിക്കൂർ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൊടുക്കുന്ന ഭക്ഷണവും താമസ സൗകര്യവും വൃത്തിഹീനമാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഭക്ഷണചിലവിലേക്ക് നാലായിരവും താമസ സൗകര്യത്തിന് 3000 രൂപയും ശമ്പളത്തിൽ നിന്ന് പിടിക്കാറുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം ഉണ്ടാക്കുന്നതെന്നാണ് തൊഴിലാളികളുടെ ആരോപണം.
മൺസൂൺ സമയമായതിനാലാണ് ശമ്പളം വൈകിയതെന്നാണ് നിർമ്മാണ കമ്പനി പ്രതിനിധികളുടെ വാദം. പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കമ്പനി ജനറൽ മാനേജരെ തൊഴിലാളികൾ തടഞ്ഞുവെച്ചിരുന്നു.
ദയനീയം തൊഴിലാളി ജീവിതം
കൂടുതലും ഇതരസംസ്ഥാന തൊഴിലാളികളാണ് ദേശീയപാത നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നത്. ഇവരിൽ പലർക്കും എട്ടുമാസത്തെ ശമ്പളം ലഭിക്കാനുണ്ട്. ശമ്പളം ലഭിക്കുന്നതുവരെ സമരം തുടരനാണ് തൊഴിലാളികളുടെ തീരുമാനം. രണ്ടു ദിവസത്തിനകം ശമ്പളം നൽകുമെന്നാണ് കരാറുകാർ അറിയിച്ചിരിക്കുന്നത്. ശമ്പളം വേഗത്തിൽ നൽകുകയെന്നതാണ് തൊഴിലാളികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |