പയ്യന്നൂർ: ഗവ. താലൂക്ക് ആശുപത്രിയിൽ സർജനെ നിയമിച്ചു. ഇവിടെ സർജറി വിഭാഗത്തിൽ നിലവിലുണ്ടായിരുന്ന ഡോക്ടർ ആഗസ്റ്റ് ഒന്നിന് സ്ഥലം മാറി പോയതിനെ തുടർന്ന് സർജന്റെ തസ്തിക ഒഴിഞ്ഞ് കിടക്കുകയായിരുന്നു. പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഡോക്‌ടർ പി.സി.ഷീജയെ ആഴ്ചയിൽ മൂന്ന് ദിവസം വർക്കിംഗ് അറേഞ്ച്മെന്റിലാണ് പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ നിയമിച്ചതെന്ന് വി.കുഞ്ഞികൃഷ്ണൻ എം.എൽ.എ. അറിയിച്ചു.
നേരത്തെ പയ്യന്നൂരിൽ സേവനമനുഷ്ഠിച്ചിരുന്ന സീനിയർ സർജൻ സ്ഥലം മാറി പോകും മുൻപ് തന്നെ പകരം മറ്റൊരു ഡോക്ടറെ നിയമിക്കണമെന്ന് ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിയമനം നീണ്ടുപോയ സാഹചര്യത്തിലാണ് വർക്കിംഗ് അറേഞ്ച്മെന്റ് നടത്തി പകരം മറ്റൊരു ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടി വന്നതെന്ന് എം.എൽ.എ.അറിയിച്ചു. പുതിയ സർജൻ ഡോ. പി.സി.ഷീജ വ്യാഴം രാവിലെ ആശുപത്രിയിലെത്തി ചുമതലയേറ്റു.
കഴിഞ്ഞ ദിവസം പയ്യന്നൂരിലെത്തിയ ആരോഗ്യ മന്ത്രി കെ.മുരളീധരനെ നേരിൽ കണ്ട് ആശുപത്രിയിൽ സർജൻ ഇല്ലാത്തതിന്റെ പ്രയാസങ്ങൾ ബോധ്യപ്പെടുത്തിയിരുന്നുവെന്നും എം.എൽ.എ. യുടെ ഇടപെടൽ കൂടി ഉണ്ടായതോടെയാണ് പെട്ടെന്ന് തന്നെ ഡോക്‌ടറെ വർക്കിംഗ് അറേജ്മെന്റിൽ നിയമിച്ചതെന്നും , ആശുപത്രിയിൽ സ്ഥിരം സർജനെ കഴിയുന്നതും വേഗം നിയമിക്കുമെന്ന ഉറപ്പ് ആരോഗ്യ വകുപ്പ് അധികൃതൽ നൽകിയതായി യു.ഡി.എഫ്. നേതാക്കളും അറിയിച്ചു.
ഡി.വൈ.എഫ്.ഐ. പയ്യന്നൂർ ഏരിയ കമ്മിറ്റി സമരത്തെ തുടർന്ന് നേതാക്കൾ ആശുപത്രി സൂപ്രണ്ട് മുഖേന ജില്ലാ മെഡിക്കൽ ഓഫീസറുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സെപ്തംബർ 15 നകം നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെന്നും ഇതേ തുടർന്നാണ് ഇപ്പോൾ സർജനെ നിയമിച്ചതെന്നും ഡി.വൈ.എഫ്.ഐ.നേതാക്കൾ അവകാശപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |