കണ്ണൂർ: വധശ്രമക്കേസിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന് 29 വർഷത്തോളം പൊലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞ പിടികിട്ടാപ്പുള്ളി പിടിയിൽ. കണ്ണൂർ സിറ്റി പൊലീസ് ആവിഷ്‌കരിച്ച 'ഓപ്പറേഷൻ ഗ്രിപ്പ്' എന്ന പ്രത്യേക ദൗത്യത്തിലാണ് അഴീക്കോട് മീൻകുന്ന് സ്വദേശി തായകത്ത് ഫസൽ (51) തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ കണ്ണൂർ ടൗണിൽ വെച്ച് അറസ്റ്റിലായത്.
1997 ജനുവരി 3നാണ് കേസിനാസ്പദമായ സംഭവം. അഴീക്കോട് മീൻകുന്ന് ലൈറ്റ് ഹൗസിന് സമീപത്ത് അഴീക്കോട് സ്വദേശി സുനിൽ കുമാറിനെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ് ഫസൽ. സംഭവത്തിനു പിന്നാലെ വളപട്ടണം പൊലീസ് ഇയാളെ അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചയുടൻ വിദേശത്തേക്ക് കടന്നു. തുടർന്ന് വർഷങ്ങളോളം ഇയാൾ വിചാരണ കോടതിയിൽ ഹാജരാകാതിരുന്നതോടെ 2002ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
വർഷങ്ങളായി ഒളിവിൽ കഴിയുന്ന പിടികിട്ടാപ്പുള്ളികളെ പിടികൂടാൻ കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് നൽകിയ നിർദ്ദേശപ്രകാരം, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
കണ്ണൂർ എ.സി.പി ആസാദ്, വളപട്ടണം സി.ഐ വിജേഷ്, എസ്.ഐ വിപിൻ, സിറ്റി കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ വിനോദ്, ഷാജി, എ.എസ്.ഐമാരായ രാജീവൻ, സ്‌നേഹേഷ്, സജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവരടങ്ങുന്ന സംഘമാണ് 29 വർഷത്തെ ഒളിവുജീവിതത്തിന് അറുതിവരുത്തി പ്രതിയെ കുടുക്കിയത്.
ദുബായിലും അയർലൻഡിലും ജോലി ചെയ്തു
വർഷങ്ങളോളം ദുബായിൽ കഴിഞ്ഞ ഇയാൾ പിന്നീട് പോളണ്ടിലേക്കും, തുടർന്ന് കഴിഞ്ഞ അഞ്ച് വർഷമായി അയർലൻഡിലുമായി ജോലി ചെയ്തു വരികയായിരുന്നു. അന്വേഷണത്തിൽ പ്രതിയും കുടുംബവും സംഭവം നടന്ന കാലയളവിൽ താമസിച്ചിരുന്ന വീടും സ്ഥലവും വിറ്റ് മറ്റൊരിടത്തേക്ക് മാറിയതായി കണ്ടെത്തി. ഇതോടെ അന്വേഷണം പ്രതിസന്ധിയിലായെങ്കിലും ശാസ്ത്രീയവും രഹസ്യവുമായ നീക്കങ്ങളിലൂടെ പ്രതിയുടെ പുതിയ താമസസ്ഥലവും ഇയാൾ വർഷങ്ങളായി വിദേശത്താണെന്ന വിവരവും ശേഖരിച്ചു.
രഹസ്യാന്വേഷണത്തിനിടെ ഫസൽ നാട്ടിലേക്ക് വരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതോടെ വിമാനത്താവളങ്ങളിലും കണ്ണൂർ നഗരത്തിലും നിരീക്ഷണം ശക്തമാക്കി. തുടർന്ന് അയർലൻഡിൽ നിന്ന് നാട്ടിലെത്തിയ ഫസലിനെ കണ്ണൂർ ടൗണിൽ വെച്ച് പ്രത്യേക അന്വേഷണ സംഘം തന്ത്രപരമായി വളഞ്ഞ് പിടികൂടുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |