SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.18 AM IST

സ്‌കൂളുകളിൽ പ്രഭാത ഭക്ഷണ സമൃദ്ധി

daily
പടം

മയ്യിൽ: രാവിലത്തെ തിരക്കിനിടയിൽ പ്രഭാത ഭക്ഷണം കഴിക്കാതെ കുട്ടികൾ സ്‌കൂളിൽ പോയാൽ ഇനി നാറാത്ത് പഞ്ചായത്തിലെ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ട. സ്കൂളിൽ പാലും ധാന്യങ്ങൾ പുഴുങ്ങിയതും റെഡിയാണ്. പഞ്ചായത്തിലെ എൽ.പി സ്കൂളുകളിലെ പ്രഭാതഭക്ഷണ വിതരണ പദ്ധതിക്ക് കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി സ്കൂളിൽ മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ തുടക്കമിട്ടു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊതുവിദ്യാലയങ്ങളിൽ പ്രഭാതഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. എൽ.പിയിൽ എല്ലാ കുട്ടികൾക്കും യു.പിയിൽ ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കും ഭക്ഷണം നൽകും.

പഞ്ചായത്ത് നിയമിക്കുന്ന പാചകക്കാരാണ് പ്രഭാതഭക്ഷണം തയ്യാറാക്കുന്നതും കുട്ടികൾക്ക് വിതരണം ചെയ്യുന്നതും. സാധനങ്ങളുടെ ചെലവ്, പാചകക്കൂലി, പലവ്യഞ്ജനങ്ങൾ എന്നിവ അടക്കമുള്ള ചെലവുകൾ പഞ്ചായത്ത് വഹിക്കും. ഒരു കുട്ടിക്ക് 20 രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത്.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. റഹ്മത്ത് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷ ഉഷ പള്ളത്ത്, ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ കോടിപ്പൊയിൽ, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. പ്രശാന്ത്, കെ. വിഷിജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുധീഷ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ടി. സീന, എം.പി. മുഹമ്മദ്, ആസൂത്രണ ഉപാധ്യക്ഷൻ അഷ്കർ കണ്ണാടിപ്പറമ്പ്, പഞ്ചായത്ത് അംഗം എ. പുരുഷോത്തമൻ, പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, എം.ടി. മുഹമ്മദ്കുഞ്ഞി, കെ.എം. ഗംഗാധരൻ, ദാമോദരൻ, പി. രാമചന്ദ്രൻ, പി.ടി. രത്നാകരൻ, കെ. അജിത എന്നിവർ പ്രസംഗിച്ചു.

1070 കുട്ടികൾക്ക് പ്രയോജനം

നാറാത്ത് പഞ്ചായത്തിലെ ഒമ്പത് എയ്ഡഡ് സ്കൂളുകളിലെയും ഒരു സർക്കാർ സ്കൂളിലെയും 1070 കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ആഴ്ചയിൽ മൂന്ന് ദിവസം 100 മില്ലിലീറ്റർ വീതം പാലും, നാല് ദിവസം 50 ഗ്രാം വീതം ചെറുപയർ, വൻപയർ, കടല തുടങ്ങിയ ധാന്യങ്ങൾ പുഴുങ്ങിയതുമാണ് നൽകുക. ആദ്യ പീരിയഡിൽ തന്നെ ഭക്ഷണം നൽകും. ആവശ്യമായ ധാന്യങ്ങൾ സപ്ലൈകോ വഴി സ്കൂളുകളിലെത്തിക്കും.

നാറാത്ത് പഞ്ചായത്തിലെ രക്ഷിതാക്കളും കുട്ടികളും വളരെ സന്തോഷത്തോടെയാണ് പ്രഭാത ഭക്ഷണ പരിപാടി ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് എല്ലാപഞ്ചായത്തുകൾക്കും ഈ മാതൃക പിന്തുടരാവുന്നതാണ്

കെ. റഹ്മത്ത്. പ്രസിഡന്റ്,

നാറാത്ത് ഗ്രാമ പഞ്ചായത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SCHOOLS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL