നടുവിൽ: കണ്ണൂർ ജില്ലയിലെ പശ്ചിമഘട്ട മലനിരകളിൽ പ്രകൃതിഭംഗി കൊണ്ട് ശ്രദ്ധേയമായ വൈതൽമലയിൽ വിവിധയിനം കുറിഞ്ഞികൾ പൂവിട്ടു തുടങ്ങിയതോടൊപ്പം നിരവധിയായ ചെറുസസ്യങ്ങൾക്കും പൂക്കാലം. ഉരുൾക്കുറിഞ്ഞി, വിഷാദ ക്കുറിഞ്ഞി, കരിംകുറിഞ്ഞി എന്നീ നാട്ടു പേരുകളിൽ അറിയപ്പെടുന്ന കുറിഞ്ഞികളും സ്‌ട്രൊബിലാന്തസ്സ് സെന്തോമിയാന, സ്‌ട്രൊബിലാന്തസ് കണ്ണാനി, സ്‌ട്രൊബിലാന്തസ് മലബാറിക്കസ് എന്നിങ്ങനെ സസ്യ ഗവേഷകർ നൽകിയ പേരുകളിൽ അറിയപ്പെടുന്ന കുറിഞ്ഞികളും ഉൾപ്പെടെ വ്യത്യസ്തങ്ങളായ ആറോളം കുറിഞ്ഞിയിനങ്ങളാണ് ഇപ്പോൾ പൂവിട്ടിരിക്കുന്നത്. എന്നാൽ മൂന്നാറിൽ കാണപ്പെടുന്ന നീലക്കുറിഞ്ഞി ഇവിടെ കണ്ടെത്തിയിട്ടില്ല.
മലഞ്ചെരിവുകളിലെ പച്ചപ്പിനിടയിൽ ഇളം വയലറ്റ് നിറത്തിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കൾ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്.
വൈതൽമലയുടെ സസ്യവൈവിദ്ധ്യത്തെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയത് കുറിഞ്ഞിയെക്കുറിച്ച് ഗവേഷണപഠനങ്ങൾ നടത്തിയ ഡോ. ജോമി അഗസ്റ്റിനും ഡോ. കെ. ബിജുവുമാണ്. പശ്ചിമഘട്ടത്തിലെ പരിമിതമായ ആവാസവ്യവസ്ഥകളിൽ മാത്രം കാണപ്പെടുന്ന ഇത്തരം സസ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ജൈവവൈവിദ്ധ്യ സംരക്ഷണത്തിന് ഏറെ പ്രധാനമാണ്.
കുറിഞ്ഞികളുടെ അപൂർവ ലോകം
കുറിഞ്ഞി എന്ന പേരിൽ അറിയപ്പെടുന്ന സസ്യങ്ങൾ പ്രധാനമായും സ്‌ട്രൊബിലാന്തസ്സ് എന്ന സസ്യജനുസ്സിൽ ഉൾപ്പെടുന്നവയാണ്. ഇവയിൽ പല ഇനങ്ങളും പശ്ചിമഘട്ടത്തിലെ പ്രത്യേക കാലാവസ്ഥയിലും ആവാസവ്യവസ്ഥയിലുമാണ് വളരുന്നത്. എല്ലാ കുറിഞ്ഞികളും 12 വർഷത്തിലൊരിക്കലല്ല പൂവിടുന്നത്. നീലക്കുറിഞ്ഞി ഉൾപ്പെടെയുള്ള ചില ഇനങ്ങൾ നിശ്ചിത ഇടവേളകളിൽ കൂട്ടത്തോടെ പൂവിടുമ്പോൾ മറ്റു ചില ഇനങ്ങൾ വ്യത്യസ്ത കാലചക്രത്തിലാണ് പൂക്കുന്നത്.
ജൈവവൈവിദ്ധ്യത്തിന്റെ അപൂർവ കലവറ
കുറിഞ്ഞികൾ പൂത്തുനിൽക്കുന്ന മലഞ്ചെരിവുകൾ അവിടുത്തെ ജൈവവൈവിദ്ധ്യത്തിന്റെ ഒരു ഭാഗം മാത്രമാണ്. വിവിധതരം പുല്ലുകൾ, കുറ്റിച്ചെടികൾ, ഔഷധസസ്യങ്ങൾ, വള്ളിച്ചെടികൾ, പൂമ്പാറ്റകൾ, വണ്ടുകൾ, തുമ്പികൾ എന്നിവ മലനിരകളിലെ ജൈവ വൈവിദ്ധ്യസമ്പത്തിന്റെ ഭാഗമാണ്. ഉയരവും കാലാവസ്ഥയും മണ്ണിന്റെ സ്വഭാവവും അനുസരിച്ച് സസ്യസമൂഹങ്ങളിലും വ്യത്യാസങ്ങളുണ്ടാകുന്നതിന്റെ അടിസ്ഥാനത്തിൽ വൈതൽ മലയിൽ മാത്രം വളരുന്ന നിരവധി സസ്യങ്ങളുണ്ട്.
വൈതൽമലയിലെ കുറിഞ്ഞികളുടെ പൂക്കാലം പ്രകൃതിഭംഗി ആസ്വദിക്കാനുള്ള അവസരം മാത്രമല്ല, അപൂർവ സസ്യങ്ങളുടെ നിലനിൽപ്പിനെക്കുറിച്ച് ചിന്തിക്കാനുള്ള സന്ദർഭം കൂടിയാണ്. '
വി.സി. ബാലകൃഷ്ണൻ, ജൈവ വൈവിധ്യ ഗവേഷകൻ, ജില്ലാ പരിസ്ഥിതി ഏകോപന സമിതി പ്രസിഡന്റ്.
പരിമിതമായ പ്രദേശങ്ങളിൽ മാത്രം വളരുന്ന സസ്യങ്ങൾക്ക് ആവാസവ്യവസ്ഥയുടെ നാശം വലിയ ഭീഷണിയാവും. സസ്യങ്ങൾ പിഴുതെടുക്കുക, പൂക്കൾ നശിപ്പിക്കുക, മാലിന്യം വലിച്ചെറിയുക, അനിയന്ത്രിത സഞ്ചാരം എന്നിവ അവയുടെ നിലനിൽപ്പിനെ ബാധിക്കാം.'
പി.കെ. ഗിരീഷ് മോഹൻ (പ്രിൻസിപ്പാൾ, ഗവ. എച്ച്.എസ്.എസ് കാവുംഭാഗം, ജൈവവൈവിദ്ധ്യ ഗവേഷകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |