SignIn
Kerala Kaumudi Online
Saturday, 24 October 2026 6.31 AM IST

കെ.പി. സഹദേവൻ... തടവറയിലും തോൽക്കാത്ത സമരവീര്യം

kp
കെ.പി. സഹദേവൻ

കണ്ണൂർ: അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഇരുപത് മാസമാണ് കെ.പി. സഹദേവൻ കണ്ണൂർ സെൻട്രൽ ജയിലിൽ മിസ തടവുകാരനായി കഴിഞ്ഞത്.
സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽനിന്നാണ് പൊലീസ് സഹദേവനെ അറസ്റ്റ് ചെയ്തത്. അന്ന് പാർട്ടി മുനിസിപ്പൽ ലോക്കൽ സെക്രട്ടറിയായിരുന്നു. അന്നത്തെ എസ്.പി ജോസഫ് തോമസും ടൗൺ എസ്‌.ഐ പുലിക്കോടൻ നാരായണനും നടത്തിയ ക്രൂരമർദനത്തിന്റെ പാടുകൾ ഉണങ്ങും മുമ്പായിരുന്നു അറസ്റ്റ്. ടൗൺ സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെ മർദനമേറ്റ പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും എത്തിച്ചിരുന്നു. സെൻട്രൽ ജയിലിലേക്കുള്ള യാത്രയ്ക്കിടെയാണ് മിസ പ്രകാരമുള്ള തടവാണെന്ന് സഹദേവൻ അറിഞ്ഞത്.

കെ. ചന്ദ്രശേഖരൻ, എം.പി. വീരേന്ദ്രകുമാർ, കെ.ജി. മാരാർ, സയ്യിദ് ഉമർ ബാഫഖി തങ്ങൾ എന്നിവരായിരുന്നു ജയിലിലെ സഹതടവുകാർ. പുറത്ത് വ്യത്യസ്ത രാഷ്ട്രീയധാരകളിൽ നിന്നവർ അകത്ത് ഒരേ തടവറ പങ്കിട്ടു.

എസ്.പിക്കും എസ്‌.ഐക്കുമെതിരെ സഹദേവൻ നൽകിയ കേസിൽ ഹാജരായ തലശേരി കോടതിയിലെ എം.കെ. ദാമോദരൻ ഉൾപ്പെടെ ഏഴ് അഭിഭാഷകരെയും മിസ തടവുകാരാക്കി. നീതി തേടിയവർക്കും അവർക്കുവേണ്ടി വാദിച്ചവർക്കും ഒരേ ശിക്ഷ ലഭിച്ച അപൂർവ സംഭവമായിരുന്നു ഇത്.
സഹദേവൻ ജയിലിലുണ്ടായിരുന്ന കാലത്താണ് എട്ടാം ബ്ലോക്കിലെ രാഷ്ട്രീയ തടവുകാരെ തൊട്ടടുത്ത ബ്ലോക്കിലെ നക്സൽ തടവുകാർ ആക്രമിക്കാൻ പദ്ധതിയിട്ടത്. പ്രമുഖ നേതാക്കളെ ആക്രമിച്ച് വാർത്തയാക്കുകയായിരുന്നു ലക്ഷ്യം. എട്ടാം ബ്ലോക്കിന് പൊലീസ് കാവൽ ഏർപ്പെടുത്തിയപ്പോഴാണ് തടവുകാർ വിവരമറിഞ്ഞത്. തുടർന്ന് കെ.ജി. മാരാർ, നക്സൽ നേതാവ് കുന്നിക്കൽ നാരായണൻ തുടങ്ങിയവരെ ആ ബ്ലോക്കിൽനിന്ന് മാറ്റി.

ഇരുപത് മാസത്തെ തടവിനുശേഷം പുറത്തിറങ്ങിയ സഹദേവൻ വീണ്ടും തൊഴിലാളി സംഘടനാ പ്രവർത്തനത്തിലേക്കുതന്നെ മടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CITU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL