തലശ്ശേരി: ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി കരിയാട് പുളിയനമ്പ്രത്തെ ശിവസൂര്യയെ (17) കാണാതായ കേസിൽ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം കുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ഫോണിലെ വിവരങ്ങൾ സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ വിശദമായി പരിശോധിക്കാനാണ് സംഘത്തിന്റെ തീരുമാനം. ആഗസ്റ്റ് എട്ടിന് വീടുവിട്ടിറങ്ങിയ ശിവസൂര്യയെ കാണാതായിട്ട് 80 ദിവസത്തിലേറെയായി.
ക്രൈംബ്രാഞ്ച് എസ്.പി കെ.വി വേണുഗോപാൽ, ഡിവൈ.എസ്.പി സനിൽകുമാർ, സി.ഐമാരായ ശ്രീജിത്ത് കൊടേരി, രഞ്ജിത്ത് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശിവസൂര്യയുടെ വീട്ടിലെത്തി, പിതാവ് ജിഗീഷിന്റെയും ബന്ധുക്കളുടെയും മൊഴി വിശദമായി രേഖപ്പെടുത്തി. വീടിന്റെ പരിസരത്ത് തെളിവെടുപ്പ് നടത്തിയ സംഘം പ്രദേശത്തെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചു.
'കാശിയിലേക്ക് പോകുന്നു, ശിഷ്ടജീവിതം ഈശ്വരനിൽ ലയിക്കും' എന്നർത്ഥമുള്ള കുറിപ്പ് വീട്ടിൽനിന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് വാരണാസി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ തീർത്ഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. വീടിനടുത്ത ജംഗ്ഷനിലേക്ക് കുട്ടി നടന്നുപോകുന്നത് നാട്ടുകാർ കണ്ടതായി മൊഴിയുണ്ടെങ്കിലും, പിന്നീട് ഏതു വഴി, ഏതു വാഹനത്തിൽ പോയി എന്നതിൽ ഇതുവരെ ലഭിച്ച ദൃശ്യങ്ങളിൽനിന്ന് വ്യക്തതയില്ല.
ഗെയിമിൽ അരലക്ഷം രൂപ നഷ്ടപ്പെട്ടു
കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ പരിശോധനയിൽ ഓൺലൈൻ ഗെയിമായ ഫ്രീ ഫയറിൽ അരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. കുട്ടി ഫ്രീ ഫയർ സ്ഥിരമായി കളിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് പിതാവ് ഫോൺ വാങ്ങിവച്ചതിൽ മനോവിഷമത്തിലായ കുട്ടി വീടുവിട്ടിറങ്ങിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോൺ വാങ്ങിവച്ച ദിവസം 3000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളും കുട്ടി എടുത്തിരുന്നു.
തലശ്ശേരി എ.എസ്.പി. ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ ചൊക്ലി പൊലീസ് ആദ്യം അന്വേഷിച്ച കേസിൽ, പിന്നീട് പ്രത്യേക സംഘം പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിലും കർണാടകയിലെ മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു. സൂചനകളൊന്നും ലഭിച്ചില്ല. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ജിഗീഷ് ആവശ്യപ്പെട്ടതിനെത്തുടർന്ന്, സെപ്തംബർ 27ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ച് മേധാവിയെ ഫോണിൽ വിളിച്ച് അന്വേഷണത്തിന് നിർദേശം നൽകി. ഒക്ടോബർ ആദ്യവാരം സംഘം വീട്ടിൽ പ്രാഥമിക പരിശോധന നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |