SignIn
Kerala Kaumudi Online
Thursday, 29 October 2026 3.09 AM IST

അപകട കേന്ദ്രമായി പാലച്ചിറ ജംഗ്ഷൻ

apakadam

​വർക്കല: പാലച്ചിറ ജംഗ്ഷൻ ദിനവും നടക്കുന്ന അപകടങ്ങൾക്ക് ഒരുകുറവുമില്ല. പ്രധാനപ്പെട്ട നാല് റോഡുകൾ സംഗമിക്കുന്ന ഇവിടെ കഴിഞ്ഞ ദിവസം സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാർ ഇടിച്ചുതെറിപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. ഇടിയുടെ ആഘാദത്തിൽ റോഡിലേക്ക് തെറിച്ചുവീണ് യുവതിയുടെ മുകളിലൂടെ മറ്റ് വാഹനങ്ങൾ കയറിയിറങ്ങാതിരുന്നത് ഭാഗ്യംകൊണ്ട് മാത്രം. യുവതി സഞ്ചരിച്ച സ്കൂട്ടർ കാറിന് അടിയിൽപ്പെട്ട അവസ്ഥയിലായിരുന്നു. ദിനംപ്രതി വർദ്ധിക്കുന്ന ഗതാഗത കുരുക്കും അപകടഭീഷണിയും കാരണം ജനം പേടിയോടെയാണ് ഈ വഴി യാത്രചെയ്യുന്നത്. ശിവഗിരി മഠം,ശിവഗിരി എസ്.എൻ.കോളേജ്,നാരായണ ഗുരുകുലം,ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ,സെൻട്രൽ സ്കൂൾ,നഴ്സിംഗ് കോളേജ്,മന്നാനിയ ഇസ്ലാമിക് സർവ്വകലാശാല എന്നിവ അതിന് സമീപത്താണുള്ളത്. തീർത്ഥാടകർ ഉൾപ്പെടെ ഈ വഴി പോകുന്നതിനാൽ എപ്പോഴും ഇവിടെ വൻ തിരക്കാണ്.

 വർക്കല - കല്ലമ്പലം സംസ്ഥാന പാതയും ചെറുന്നിയൂർ-നടയറ റോഡും ഒത്തുചേരുന്ന ഭാഗമാണ് പാലച്ചിറ ജംഗ്ഷൻ.

 വട്ടപ്ലാമൂട്,നടയറ,പാരിപ്പള്ളി,അയിരൂർ,ഊന്നിന്മൂട്,ചെറുന്നിയൂർ,കവലയൂർ,മണനാക്ക്,ആലംകോട്, ആറ്റിങ്ങൽ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളെല്ലാം പാലച്ചിറ ജംഗ്ഷൻ വഴിയാണ് പോകുന്നത്.

അപകടങ്ങൾ അപ്രതീക്ഷിതം

അതിവേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന വർക്കല-കല്ലമ്പലം സംസ്ഥാന പാതയിൽ എപ്പോഴും കനത്ത ഗതാഗതത്തിരക്കാണ്. ഇതിനുപുറമേ,കവലയൂർ ഭാഗത്തേക്കും എസ്.എൻ.കോളേജ് ഭാഗത്തേക്കും സർവീസ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്നത് ചെറുന്നിയൂർ-നടയറ റോഡ് വഴിയാണ്.​ ചെറുന്നിയൂരിൽ നിന്ന് നടയറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വർക്കല-കല്ലമ്പലം പാതയെ കുറുകെ കടന്നുവേണം അപ്പുറത്തെത്താൻ. ഈ സമയത്താണ് പലപ്പോഴും ദാരുണമായ അപകടങ്ങൾ സംഭവിക്കുന്നത്.

 തിരക്കോട് തിരക്ക്

​ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ,​ ധാരാളം വ്യാപാര സ്ഥാപനങ്ങൾ,ഓഡിറ്റോറിയം, ഗവൺമെന്റ് ഓഫീസുകൾ,സ്കൂളുകൾ,പെട്രോൾ പമ്പ് എന്നിവ പ്രവർത്തിക്കുന്നതിനാൽ പാലച്ചിറയിൽ വലിയ ജനത്തിരക്കാണുള്ളത്. പ്രദേശത്തെ പ്രമുഖസ്ഥാപനങ്ങളിലേക്കും പ്രധാന കേന്ദ്രങ്ങളിലേക്കും പോകുന്ന വാഹനങ്ങളുടെ സംഗമകേന്ദ്രം കൂടിയാണിത്.

 സിഗ്നൽ വേണം

​നിരവധി അപകടങ്ങളും ജീവഹാനികളും സംഭവിച്ചിട്ടുള്ള ഈ കവലയിൽ കൃത്യമായ ഒരു ഗതാഗത നിയന്ത്രണ സംവിധാനം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റോഡിലെ വലിയ തിരക്കും വാഹനങ്ങളുടെ അമിതവേഗതയും കണക്കിലെടുത്ത് പൊലീസും ഗതാഗത വകുപ്പും ചേർന്ന് ഇവിടെ അപകടങ്ങൾ ഒഴിവാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.

പ്രതികരണം.

തിരക്കേറിയ പാലച്ചിറ ജംഗ്ഷനിൽ അമിത വേഗത തടയുന്നതിനും ഗതാഗത നിയന്ത്രണത്തിനും അടിയന്തര നടപടികൾ സ്വീകരിക്കണം.എം.ജഹാംഗീർ,ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം.

ഫോട്ടോ:പാലച്ചിറ ജംഗ്ഷനിൽ അപകടത്തിൽപ്പെട്ട സ്കൂട്ടർ കാറിനടിയിൽ തകർന്ന നിലയിൽ.

പാലച്ചിറ ജംഗ്ഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL