കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ രണ്ടാം സാക്ഷി ബോബിൻസ് ജോസഫ് ജോർജിന്റെ എതിർവിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരുന്നു. ഒന്നും, ഒമ്പതു മുതൽ 12വരെയുമുള്ള പ്രതികളുടെ അഭിഭാഷകൻ ബി. രാമൻപിള്ളയാണ് വിസ്താരം നടത്തിയത്.
ഹോസ്റ്റൽ മുറിയിൽ അഭിമന്യുവിനൊപ്പം താമസിച്ചിരുന്ന താൻ സംഭവത്തിൽ ഭയന്നുപോയതിനാലാണ് അഭിമന്യുവിനെ ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നതെന്ന് ബോബിൻസ് മൊഴിനൽകി. ബഹളംകേട്ട് ഓടിയെത്തിയവരാണ് ആശുപത്രിയിൽ കൊണ്ടുപോയത്. എട്ടാംപ്രതി ആദിൽ ബിൻ സലിം, 16ാം പ്രതി സനിദ് എന്നിവർ തന്നെ ഉപദ്രവിച്ചതായും പറഞ്ഞു. വിസ്താരം ഇന്നും തുടരും.
മഹാരാജാസ് കോളേജിലെ സജീവ എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു ബോബിൻസ്. അഭിമന്യുവിനെ കൊലപ്പെടുത്തിയ 16 പ്രതികളിൽ 14 പേരെ തിരിച്ചറിയൽ പരേഡിൽ തിരിച്ചറിഞ്ഞത് ബോബിൻസാണ്. പ്രതികളിൽ 15 പേരെ കോടതിയിൽവച്ചും തിരിച്ചറിഞ്ഞു. കോളേജിലെ പോപ്പുലർ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് ആക്രമണത്തിൽ ബോബിൻസിനും മർദ്ദനമേറ്റിരുന്നു.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ്, അഭിമന്യുവിന്റെ സഹോദരൻ പരിജിത്ത് മനോഹരനുവേണ്ടി അഡ്വ. കെ എസ് അരുൺകുമാർ എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |