തൃശൂർ: തിരഞ്ഞെടുപ്പ് കാലത്തെ ഉദ്ഘാടന മാമാങ്കങ്ങളുടെ ഇരയായി അരണാട്ടുകര ടാഗോർ സെന്റിനറി ഹാൾ. കഴിഞ്ഞ കോർപ്പറേഷൻ ഭരണസമിതി തുടക്കമിട്ട പദ്ധതിയിൽ 22 കോടി രൂപ ചെലവഴിച്ചിട്ടും നിർമ്മാണം പൂർത്തിയായിട്ടില്ല. വൈദ്യുതീകരണം, അഗ്‌നിരക്ഷാ സംവിധാനങ്ങൾ, എ.സി. സ്ഥാപിക്കൽ തുടങ്ങിയ പ്രധാന ജോലികൾ ബാക്കിയാണ്. ലിഫ്റ്റിനായി കുഴിയെടുത്തിട്ടുണ്ടെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല. ഇവിടെ മൂന്നടി താഴ്ച്ചയിൽ വെള്ളം കെട്ടി നിൽക്കുകയാണ്. നിർമ്മാണം പൂർത്തിയാക്കി ഹാൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ ഇനിയും കോടികൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾക്കുമുമ്പാണ് രണ്ടാംഘട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം നടത്തിയത്. ഒന്നാംഘട്ടം പാതിവഴിയിൽ നിൽക്കുമ്പോഴായിരുന്നു മന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത രണ്ടാംഘട്ട ഉദ്ഘാടനച്ചടങ്ങ്.
സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ എ.സി. ഹാൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ച് പുതിയ നിർമ്മാണം ആരംഭിച്ചത്. എന്നാൽ, നിർമ്മാണം ഇനിയും എങ്ങുമെത്താത്ത സ്ഥിതിയാണ്.
ടൈലുകൾ അടർന്നുവീഴുന്നു
നിർമ്മാണം പൂർത്തിയായി മാസങ്ങൾ പിന്നിടുമ്പോഴേക്കും കെട്ടിടത്തിന്റെ മുൻഭാഗത്തെ മുകളിലത്തെ നിലകളിൽനിന്ന് ടൈലുകൾ അടർന്നുവീഴാൻ തുടങ്ങി. ഇതിനകം രണ്ടിടങ്ങളിൽ ടൈലുകൾ താഴേക്ക് പതിച്ചിട്ടുണ്ട്. തുലാവർഷം കഴിയുന്നതോടെ കൂടുതൽ ടൈലുകൾ അടർന്നുവീഴാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
പാർക്കിംഗിൽ വെള്ളക്കെട്ട്
രണ്ടിടങ്ങളിലായി 41,000 ചതുരശ്രയടി വിസ്തീർണമുള്ള കാർ പാർക്കിംഗ് ഏരിയയിൽ രണ്ടടി ഉയരത്തിൽ വെള്ളം കെട്ടിനിൽക്കുകയാണ്. തറനിരപ്പിൽനിന്ന് ഏറെ ആഴത്തിൽ മണ്ണെടുത്താണ് പാർക്കിംഗ് ഏരിയ ഒരുക്കിയിരിക്കുന്നത്. ഇവിടെ താഴെനിന്ന് ഉറവയെടുക്കുന്നുണ്ടോയെന്ന സംശയവുമുണ്ട്. അങ്ങനെയെങ്കിൽ മഴക്കാലത്ത് പാർക്കിംഗ് ഏരിയ ഉപയോഗിക്കാൻ കഴിയില്ല. കെട്ടിടത്തിലെ അടുക്കളയുടെ നിർമ്മാണവും പൂർത്തിയായിട്ടില്ല.
ഇനിയും വേണം കോടികൾ
ഇനിയും കോടികൾ ചെലവഴിച്ചാൽ മാത്രമേ ഹാൾ നിർമ്മാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ കഴിയു. നിലവിലെ സാഹചര്യത്തിൽ കോർപ്പറേഷന്റെയും സംസ്ഥാന സർക്കാരിന്റെയും സാമ്പത്തിക സ്ഥിതി അനുസരിച്ച് ആവശ്യമായ ഫണ്ട് ലഭ്യമാക്കാൻ സമയമെടുത്തേക്കും. ആദ്യ കരാറുകാരൻ നിർമ്മാണത്തിനായി എത്തിച്ച സാമഗ്രികൾ തിരിച്ചുകൊണ്ടുപോയി. കരാറിൽനിന്ന് പിന്മാറുന്നതായി ആദ്യ കരാറുകാരൻ രേഖാമൂലം അറിയിച്ചാൽ മാത്രമേ പുതിയ കരാറുകാരനെ കണ്ടെത്താനാകൂ.
നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഭരണസമിതി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. പല കാര്യങ്ങളിലും ദുരൂഹതയുണ്ട്.
( വിബിത വാസു, ഡിവിഷൻ കൗൺസിലർ)
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. തുക കണ്ടെത്തുന്നതിന് സംസ്ഥാന സർക്കാരിനെ സമീപിക്കും
( എ.പ്രസാദ്, ഡെപ്യുട്ടി മേയർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |