SignIn
Kerala Kaumudi Online
Thursday, 29 October 2026 11.19 PM IST

ആക്കോലിൽ ഡിവിഷൻ അമ്മാച്ചൻമുക്കിൽ... തലയ്‌ക്കു മീതേ പതിക്കാനൊരുങ്ങി കോർപ്പറേഷന്റെ കൈത്തറി കേന്ദ്രം

​കൊല്ലം: ആക്കോലിൽ ഡിവിഷനിൽ പ്രദേശവാസികൾക്ക് ഭീഷണിയായി അപകടാവസ്ഥയിലായ പഴയ കൈത്തറി കേന്ദ്രം അടിയന്തരമായി പൊളിച്ചുമാറ്റണമെന്ന ആവശ്യം അധികൃതർ അവഗണിക്കുന്നു. അമ്മാച്ചൻമുക്കിൽ സ്ഥിതി ചെയ്യുന്ന, 70 വർഷത്തോളം പഴക്കമുള്ള കൈത്തറി കേന്ദ്രവും അനുബന്ധിച്ചുള്ള 30 സെന്റുമാണ് കാലപ്പഴക്കത്താലും കാടുകയറിയും നാട്ടുകാർക്ക് ദുരിതമായി മാറിയിരിക്കുന്നത്.

30 സെന്റിൽ സ്ഥിതി ചെയ്യുന്ന ഒറ്റനില ഓടിട്ട കെട്ടിടം പൂർണമായും നാശത്തിന്റെ വക്കിലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നു വീണിരുന്നു. ഓടുകൾ പകുതിയും ഇളകി വീണതോടെ ഇവിടെ ശേഷിക്കുന്ന കുറച്ച് കഴുക്കോലുകളും ഭിത്തികളും ഏത് നിമിഷവും പൂർണ്ണമായി പൊളിഞ്ഞുവീഴാവുന്ന നിലയിലാണ്. ഈ കെട്ടിടം വഴിയാത്രക്കാർക്കും സമീപവാസികൾക്കും വലിയ ഭീഷണിയാണ്. ഉപയോഗ ശൂന്യമായതോടെ ഇതിലുണ്ടായിരുന്ന സാമഗ്രികളൊക്കെ സാമൂഹ്യ വിരുദ്ധർ അപഹരിച്ചിരുന്നു.

​ കെട്ടിടവും പരിസരവും വൻതോതിൽ കാടുകയറി കിടക്കുന്നതിനാൽ പ്രദേശത്ത് പാമ്പുകളുടെ ശല്യം അതിരൂക്ഷമാണ്. ആറു മാസത്തിനിടെ രണ്ട് കുട്ടികൾക്കാണ് ഇവിടെ പാമ്പുകടിയേറ്റത്. ദിവസവും പാമ്പുകളെ കാണാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

​

വീടുകളിലേക്ക് ഇടുങ്ങിയ വഴി

ഈ വസ്തുവിനോട് ചേർന്ന് കിടക്കുന്ന ഇടുങ്ങിയ ഇടവഴിയിലൂടെയാണ് സമീപത്തെ 14-ഓളം കുടുംബങ്ങളിലെ അംഗങ്ങൾ കാൽനടയായി യാത്ര ചെയ്യുന്നത്. തകർന്നു വീഴാറായ കെട്ടിടവും പാമ്പുകളുടെ ശല്യവും കാരണം ഭീതിയൊഴിഞ്ഞ നേരമുണ്ടാവില്ല. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടവും സ്ഥലവും വൃത്തിയാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി കെട്ടിടം പൊളിക്കാൻ കരാർ നൽകാനുള്ള തയ്യാറെടുപ്പിലാണ്. കെട്ടിടത്തിലെ കല്ലും പാറയും കരാറുകാർക്ക് ലേലം ചെയ്ത് നൽകുന്നതിനും കാടുകൾ വെട്ടിത്തെളിച്ച് പ്രദേശം സുരക്ഷിതമാക്കുന്നതിനുമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കും

കോർപ്പറേഷൻ അധികൃതർ

കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള കരാർ ഇതിനോടകം നൽകിക്കഴിഞ്ഞു. വരുന്ന അവധി ദിവസംതന്നെ കരാറുകാരുടെ സഹായത്തോടെ കെട്ടിടം പൂർണ്ണമായി പൊളിച്ച് നീക്കി, കല്ലും പാറയും ലേലം ചെയ്ത് മാറ്റും. സ്ഥലത്തെ കാടുകൾ പൂർണ്ണമായി വെട്ടിത്തെളിച്ച് വൃത്തിയാക്കി ഈ പ്രദേശത്തെ ജനങ്ങളുടെ വർഷങ്ങളായുള്ള ആശങ്കയും യാത്രാദുരിതവും പരിഹരിക്കും -എ. കെ. അസൈൻ, കൗൺസിലർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL