SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.09 AM IST

റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ ബാലചന്ദ്രയുടെ മൊഴിയിൽ വിധിച്ചത് തൂക്കുകയർ

balachandra
ബാലചന്ദ്ര

കാസർകോട്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം, വാമഞ്ചൂർ, ചെക്ക് പോസ്റ്റ്, ശാസ്താക്ഷേത്രത്തിനു സമീപത്തെ ബാലചന്ദ്രയെ (53) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വാമഞ്ചൂർ ഇരട്ടക്കൊലപാതക കേസിൽ, ബാലചന്ദ്ര നൽകിയ മൊഴി കണക്കിലെടുത്താണ് റിപ്പർ ചന്ദ്രന് മരണം വരെ തൂക്കുകയർ കോടതി വിധിച്ചത്. വിധിക്കെതിരെ സുപ്രീംകോടതി വരെ പോയെങ്കിലും വധശിക്ഷ ശരിവച്ചു. പിന്നീട് രാഷ്ട്രപതി ദയാഹർജിയും തള്ളി. 1991 ജൂലായ് ആറിന് റിപ്പർ ചന്ദ്രനെ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി. അന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ ആരാച്ചാർ ഇല്ലാതിരുന്നതിനാൽ ജയിൽ സൂപ്രണ്ട് അരയാക്കണ്ടിപ്പാറ എൻ.പി കരുണാകരൻ ആണ് വധശിക്ഷ നടപ്പാക്കിയത്.

മരിച്ച ബാലചന്ദ്രയ്ക്ക് 13 വയസ്സ് പ്രായമുള്ളപ്പോൾ 1985ൽ ആണ് പിതാവ് നരസപ്പയ്യ ഹന്തേയെയും ജോലിക്കാരനായ വിശ്വനാഥനെയും റിപ്പർ ചന്ദ്രൻ തലയ്ക്കടിച്ചു കൊന്നത്, മാതാവ് ഇന്ദിര ഹന്തേയെ വധിക്കാനും ശ്രമം ഉണ്ടായിരുന്നു. തലയ്ക്കടിയേറ്റ ഇന്ദിര ഏറെക്കാലം അബോധാവസ്ഥയിലായിരുന്നു. പിന്നീട് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി. വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം പിന്നീട് മരിച്ചു. വാമഞ്ചൂർ ഇരട്ടക്കൊലപാതകമടക്കം 14 കൊലക്കേസുകളിലെ പ്രതിയായിരുന്നു റിപ്പർ ചന്ദ്രൻ. മറ്റ് 13 കൊലക്കേസുകളിൽ ജീവപര്യന്തം തടവ് ശിക്ഷയാണ് വിവിധ കോടതികൾ വിധിച്ചിരുന്നത്.

മൂന്നു ദിവസമായി ഫോൺ എടുക്കാത്തതിനെ തുടർന്ന് മംഗളൂരുവിലുള്ള സഹോദരി ശശികല ബുധനാഴ്ച‌ വൈകുന്നേരം ബാലചന്ദ്രയുടെ വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പൊലീസെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ക്ഷേത്ര പൂജാരിമാരുടെ സഹായി ആയി ജോലി ചെയ്തു‌ വരികയായിരുന്നു. ഭാരതി മറ്റൊരു സഹോദരിയാണ്.

റിപ്പർ ചന്ദ്രന്റെ ഉദയവും ആദ്യത്തെ ആക്രമണവും

നീലേശ്വരത്തിനു സമീപത്തെ കരിന്തളം, മുതുക്കുറ്റി സ്വദേശിയായിരുന്ന ചന്ദ്രൻ 1950 ഡിസംബർ 18ന് കുഞ്ഞമ്പു - പാറ്റ സതികളുടെ മകനായിട്ടായിരുന്നു ജനനം. ചന്ദ്രന് പത്തുവയസ്സുള്ളപ്പോൾ അച്ഛൻ കുഞ്ഞമ്പു മരിച്ചു. പതിനാലാം വയസ്സിൽ ചന്ദ്രൻ കർണ്ണാടകയിലേയ്ക്ക് നാടുവിട്ടു. പിന്നീട് തിരിച്ചെത്തിയത് കുപ്രസിദ്ധ ക്രിമിനൽ ആയിട്ടായിരുന്നു. കാസർകോട്ട് ഒരു മോഷണക്കേസിൽ 1977ലാണ് ചന്ദ്രൻ ആദ്യമായി പിടിയിലായത്. ആ കേസിൽ ശിക്ഷിക്കപ്പെട്ടു. ശിക്ഷാ കാലാവധി കഴിഞ്ഞതോടെ ചന്ദ്രൻ വീണ്ടും കർണ്ണാടകയിലേയ്ക്ക് പോയി. പിന്നീട് തിമ്മയെന്ന കുപ്രസിദ്ധ ക്രിമിനലുമായി കൂട്ടുകൂടി.

ലണ്ടനിൽ നിരവധി പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ 'ജാക്ക് ദ റിപ്പർ' എന്ന അജ്ഞാത കൊലയാളിയുടെ രീതിയോട് സാമ്യം ഉള്ളതിനാലാണ് ചന്ദ്രന് 'റിപ്പർ' എന്ന അപരനാമം കിട്ടിയത്. ദേശീയ പാതകളോടും റെയിൽവെ ട്രാക്കിനോടും ചേർന്നുള്ള അടച്ചുറപ്പില്ലാത്ത വീടുകളാണ് ചന്ദ്രൻ ആക്രമണത്തിനു തിരഞ്ഞെടുത്തിരുന്നത് ചുറ്റിക കൊണ്ട് തലയിൽ ശക്തമായി അടിച്ചു വീഴ്ത്തിയ ശേഷം കവർച്ച നടത്തുകയും ബലാത്സംഗവും ചെയ്യുകയുമായിരുന്നു ചന്ദ്രന്റെ രീതി.

1985 സെപ്തംബർ 10ന് ചെമ്മനാട് കൈന്താറിലായിരുന്നു ആദ്യത്തെ റിപ്പർ മോഡൽ ആക്രമണം. വടക്കൻ കേരളവും ദക്ഷിണ കർണ്ണാടകയും വർഷങ്ങളോളം വിറപ്പിച്ച റിപ്പർ ചന്ദ്രൻ കർണ്ണാടക, ശിവമോഗയിൽ വച്ചാണ് പൊലീസിന്റെ പിടിയിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, DEATH STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL