SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

തമിഴകം വാണ് വിജയ് 'റൊമ്പ അഴകിൽ' ഇവിടെ അബ്ദുൾ നാസർ

1
നാട്ടിൽ വിജയ് ചിത്രങ്ങൾ നിറച്ച് ആഹ്ലാദ നിമിഷം പങ്കിടുന്ന ബേക്കലിലെ അബ്ദുൽ നാസർ

കാസർകോട്: തമിഴകത്ത് സൂപ്പർ താരം വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ കാസർകോട് ബേക്കലിൽ ഒരാൾ വൻ ആഹ്ലാദത്തിലായിരുന്നു. വിജയിയുടെ കടുത്ത ആരാധകൻ ഖിളിരിയ്യ നഗറിലെ അബ്ദുൾ നാസർ ആണ് പടക്കം പൊട്ടിച്ചും മധുരം നൽകിയും വിജയാഹ്ലാദം പങ്കിട്ടത്.

വിജയിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം ടി.വി.കെയുടെ വിജയത്തിനായി പ്രചാരണ പ്രവർത്തനങ്ങളിൽ നാസർ സജീവമായിരുന്നു. സ്വന്തം ചെലവിൽ ഫ്ലക്‌സുകളും ബാനറുകളും തയ്യാറാക്കി കാഞ്ഞങ്ങാട് മുതൽ കാസർകോട് വരെ സ്ഥാപിക്കുകയും വിജയിയുടെ ചിത്രങ്ങളും പാർട്ടി സന്ദേശങ്ങളും ജനങ്ങളിലേക്കെത്തിക്കാനും ശ്രമിച്ചു. വിജയത്തിന്റെ വാർത്ത പുറത്തുവന്നതിന് പിന്നാലെ ബേക്കലിൽ സുഹൃത്തുക്കളെയും നാട്ടുകാരെയും കൂട്ടി പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തുമാണ് നാസർ ആഘോഷം നടത്തിയത്. നിരവധി യുവാക്കളും ആരാധകരും അദ്ദേഹത്തോടൊപ്പം ആഹ്ലാദത്തിൽ പങ്കുചേർന്നു.

തമിഴക വെട്രി കഴകം ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ 108 സീറ്റുകൾ നേടി കോൺഗ്രസ് അടക്കമുള്ള മറ്റു പാർട്ടികളുടെ പിന്തുണയോടെ 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കി വിജയ് മുഖ്യമന്ത്രിയായതിന്റെ സന്തോഷമാണ് തനിക്ക് ഏറ്റവും വലിയ ആഘോഷ നിമിഷമെന്ന് പറയുകയാണ് അബ്ദുൾ നാസർ.

വിജയിയു‌ടെ എല്ലാ സിനിമയും കണ്ടൊരാൾ

ഇതുവരെ പുറത്തിറങ്ങിയ വിജയിയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട് ഈ ആരാധകൻ, കേരളത്തിൽ റിലീസ് ചെയ്യാതിരുന്ന 'മധുരെ' സിനിമ കോയമ്പത്തൂരിൽ പോയാണ് കണ്ടത്. വിജയിയുടെ അടുത്ത ചിത്രമായ 'ജനനായകൻ' റിലീസാകുമ്പോൾ കാണാനായി കാത്തിരിക്കുകയാണ്. ജനനായകൻ പുറത്തിറങ്ങുന്നത് വൈകുന്നതിൽ ഏറെ സങ്കടപ്പെട്ടിരുന്നു. വിജയ് ഒരു നടൻ മാത്രമല്ല, സാധാരണ ജനങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും വലിയ ജനപിന്തുണ ലഭിച്ചതെന്ന് വിശ്വസിക്കുകയാണ് നാസർ.

ഇളയ ദളപതി വിജയ് ഒരുനാൾ തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകുമെന്ന വിശ്വാസം ആദ്യമേ ഉണ്ടായിരുന്നു. സിനിമയിലും ജനപ്രീതിയിലും അദ്ദേഹം മുന്നിലായതുപോലെ രാഷ്ട്രീയത്തിലും ജനങ്ങൾ അദ്ദേഹത്തെ ഏറ്റെടുത്തു.

അബ്ദുൾ നാസർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL