കണ്ണൂർ: ട്രോളിംഗ് നിരോധനം ഇന്നലെ അർദ്ധരാത്രിയോടെ നിലവിൽ വന്നതോടെ ബോട്ടുകളെല്ലാം ഹാർബറുകളിൽ പ്രവേശിച്ചു. ഇനി 52 ദിവസം മത്സ്യബന്ധനത്തിനായി ബോട്ടുകൾ കടലിൽ പോകില്ല. ഇന്നലെ അർദ്ധരാത്രി 12ന് മുമ്പായി എല്ലാ ബോട്ടുകളും ഹാർബറുകളിൽ പ്രവേശിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിർദേശം നൽകിയിരുന്നു.
അഴീക്കൽ തീരത്ത് മീൻപിടിത്തം നടത്തുന്ന ഇതര സംസ്ഥാന ബോട്ടുകൾ നേരത്തെ തന്നെ തീരം വിട്ടുപോയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പുറമെനിന്നും വന്ന മത്സ്യബന്ധന ബോട്ടുകളുംതീരം വിട്ടുപോയി. ജില്ലയിൽ തലായി, ആയിക്കര, അഴീക്കൽ എന്നീ കടപ്പുറത്താണ് ട്രോളിംഗ് ഏർപ്പെടുത്തുന്നത്. നിരോധന കാലയളവിൽ മീൻപിടിത്ത ബോട്ടുകൾ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ലെന്ന് ഫിഷറീസ് വകുപ്പിന്റെ കർശന നിർദേശവുമുണ്ട്. നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു.
മൺസൂൺ കാലത്ത് മത്സ്യങ്ങളുടെ പ്രജനനം സുഗമമാക്കുന്നതിനും കടൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനുമായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മേയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കടൽ പട്രോളിംഗിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ആവശ്യമായ ഫണ്ട് ഒൻപത് തീരദേശ ജില്ലകൾക്കും അനുവദിച്ചിട്ടുണ്ട്.
ശക്തമായ നിരീക്ഷണം
ട്രോളിംഗ് നിരോധന കാലയളവിൽ കടലോരമേഖലകളിൽ പൊലീസ് നിരീക്ഷണവും കടൽ നിരീക്ഷണവും ശക്തമായി നടക്കുമെന്ന് ജില്ല കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ആയിക്കര മത്സ്യബന്ധന തുറമുഖത്ത് രാത്രി എട്ടിനുശേഷം മത്സ്യത്തൊഴിലാളികളുടേതല്ലാത്ത വാഹനങ്ങൾ കടത്തിവിടുന്നത് നിരോധിക്കും. ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങി.
ട്രോളിംഗ് നിരോധന കാലയളവിൽ രക്ഷാപ്രവർത്തനത്തിനും കടൽ പട്രോളിംഗിനും രണ്ട് ട്രോൾബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂം കണ്ണൂർ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ പ്രവർത്തനം തുടങ്ങി. ഫോൺ: 04972 732487.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |