SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.03 AM IST

ഐ.എൻ.എൽ പ്രവർത്തകൻ എരിയാൽ ആബിദ് വധക്കേസ്: 19 വർഷത്തിന് ശേഷം വിധി ജൂലായ് 31ന്

court
വിധി

കാസർകോട്: ഐ.എൻ.എൽ പ്രവർത്തകൻ എരിയാൽ ആബിദ് (24) വധക്കേസിൽ 19 വർഷങ്ങൾക്ക് ശേഷം വിധി പറയാൻ ഒരുങ്ങി കോടതി. വിചാരണ നടപടികൾ പൂർത്തിയായ കേസിൽ ജൂലായ് 31ന് കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) വിധി പ്രസ്താവിക്കും.

പരാതിക്കാരനും പ്രധാന ദൃക്സാക്ഷികളുമടക്കം കൂറുമാറിയ കേസായതിനാൽ, ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് കേസിന്റെ വിധിനിർണയത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. കൊലപാതകം നടന്ന് 16 വർഷങ്ങൾക്ക് ശേഷമാണ്, 2023 നവംബറിൽ അഡീഷണൽ ജില്ലാ സെഷൻസ് (മൂന്ന്) കോടതിയിൽ വിചാരണ ആരംഭിച്ചത്. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷംസുദ്ദീൻ (40), റഫീഖ് (43), കെ.എം. റഫീഖ് (40), അബ്ദുൽ ജലിൽ (41), പി.എച്ച്. ഹാരിസ് (41) എന്നിവരാണ് കേസിലെ പ്രതികൾ.

2007 നവംബർ 20ന് വൈകിട്ട് 5.30 മണിയോടെയാണ് എരിയാൽ കൊളങ്കരയിലെ മൊയ്ദീൻ–പരേതയായ മറിയം ബീവി ദമ്പതികളുടെ മകനായ ആബിദ് എരിയാൽ ബള്ളീരിൽ വെച്ച് വെട്ടേറ്റ് മരിച്ചത്. നേരത്തെ നടന്ന അക്രമത്തിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കാസർകോട് ടൗൺ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ബൈക്കിലെത്തിയ സംഘമാണ് ആബിദിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ഐ.എൻ.എല്ലിന്റെയും എരിയാൽ യൂത്ത് കൾച്ചറൽ സെന്ററിന്റെയും സജീവ പ്രവർത്തകനായിരുന്നു ആബിദ്. കൊലപാതകത്തിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇ.വൈ.സി.സി പ്രവർത്തകർ എസ്.പി ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനവും നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കുകയും പിന്നീട് പ്രതികൾ കോടതിയിൽ കീഴടങ്ങുകയും ചെയ്തത്. പ്രതികൾ പിന്നീട് ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്നതായും ആരോപണം ഉയർന്നിരുന്നു.

30 സാക്ഷികളിൽ 23 പേരെയാണ് കോടതി വിസ്‌തരിച്ചത്. രണ്ടാം സാക്ഷി ഇബ്രാഹിം ഖലീൽ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി നിന്നത്. കൊലക്കേസിൽ പരാതിക്കാരനായ ഫൈസൽ അടക്കമുള്ള ദൃക്സാക്ഷികൾ ഉൾപ്പെടെയുള്ളവർ കൂറുമാറിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ പി. സതീശനും കെ. അമ്പിളിയും കോടതിയിൽ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, MURDER CASE COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL