തൃക്കരിപ്പൂർ: വലിയപറമ്പ് മാവിലാകടപ്പുറത്ത് കാലവർഷ കെടുതിയുണ്ടായ സ്ഥലങ്ങൾ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. 10 ദിവസമായി തുടരുന്ന ശക്തമായ തിരഹിൽ ഒരിയര പുലിമുട്ട് മുതൽ തെക്കോട്ട് ഒരു കിലോ മീറ്റർ ദൂരത്തിൽ കടൽ നാശം വിതച്ചു. കരയുടെ ഭാഗമായിരുന്ന അമ്പത് മീറ്റർ കടലെടുത്തു. ഫുട്ബാൾ മൈതാനവും ഒരിയര വിഷ്ണുമൂർത്തി ക്ഷേത്രത്തിന്റെ ഭാഗമായുള്ള ബലിദർപ്പണ മതിൽകെട്ടും തകർന്നു. സ്വകാര്യ വ്യക്തികളുടെ നൂറിലേറെ തെങ്ങ് നഷ്ടമായി.
ഒരോ കാലവർഷം എത്തുമ്പോഴും കരയുടെ ചെറിയ ഭാഗം കടലെടുക്കാറുണ്ടങ്കിലും ഇത്തവണ അതി ഭയാനകമാണന്ന് പരിസര വാസികൾ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. നിർദ്ദിഷ്ട തീരദേശ ഹൈവേക്കായി അതിരു നിശ്ചയിച്ച കുറ്റികളും തീരദേശ റോഡും ഇല്ലാതായി. പുലിമുട്ട് വികസിപ്പിക്കാനും കടൽ ഭിത്തി നിർമ്മാണത്തിനും ഇടപെടലുണ്ടാകണമെന്ന് ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു. മുൻ എം.എൽ.എ എം. രാജഗോപാലൻ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി.പി മുസ്തഫ, വി.വി ഉത്തമൻ എന്നിവർ ഒപ്പമുണ്ടായിരിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |