അഞ്ചാലുംമൂട്: കുരീപ്പുഴ ഷാപ്പ്മുക്ക് പതിനെട്ടാംപടി ബോട്ട് ജെട്ടി റോഡ് തകർന്നിട്ട് ഏഴു വർഷത്തിലേറെ ആയെങ്കിലും അധികൃതർ അറിഞ്ഞമട്ടില്ല. കോർപ്പറേഷന്റെ അധീനതയിലുള്ള ഈ റോഡിൽ നിറയെ കുഴികളാണ്.
കുഴികളിൽ വീണ് സ്ത്രീകളടക്കമുള്ള ഇരുചക്ര വാഹനയാത്രക്കാർ ദിനംപ്രതി അപകടത്തിൽപ്പെടുന്നുണ്ട്. 60 വീടുകളാണ് ഷാപ്പ്മുക്ക് പതിനെട്ടാംപടി ബോട്ട് ജെട്ടി റോഡിന്റെ ഭാഗത്തുള്ളത്. നൂറുകണക്കിന് വാഹനങ്ങൾ പതിവായി ഇതുവഴി കടന്ന് പോകുന്നു. മഴയുള്ള ദിവസങ്ങളിൽ റോഡിലെ കുഴികളിൽ വെള്ളം നിറയുന്നതും അപകടക്കെണിയാവുന്നു.
കുരീപ്പുഴ കൊച്ചാലുംമൂട്, ബൈപ്പാസ് എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന വഴികളിലൊന്നാണിത്. കാൽനട പോലും അസാദ്ധ്യമായ റോഡിൽ ഓട്ടോ അടക്കമുള്ള വാഹനങ്ങൾ സർവീസ് നടത്താൻ മടിക്കുകയാണ്. വർഷങ്ങളായുള്ള ദുരിതത്തിന് അറുതി വേണമെന്നും എത്രയും വേഗം റോഡ് റീ ടാർ ചെയ്യാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വണ്ടികൾക്കെന്നും അറ്റകുറ്റപ്പണി
പ്രദേശത്ത് 60ഓളം കുടുംബങ്ങളുണ്ട്. ഈ റോഡിലെ കുഴിയിൽ ചാടാതെ ഇവർക്ക് ഒരു ദിനം പോലും കടന്നുപോകാനാവാത്ത അവസ്ഥയാണ്. വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി ഒഴിഞ്ഞ നേരമില്ല. ഗുരുതര രോഗങ്ങളുള്ളവരെയോ ഗർഭിണികളെയോ രാത്രിയിൽ ആശുപത്രിയലെത്തിക്കണമെങ്കിലും കുഴകളിൽ ചാടാതെ തരമില്ല.
കുരീപ്പുഴ ഷാപ്പ്മുക്ക് പതിനെട്ടാംപടി ബോട്ട് ജെട്ടി റോഡിന്റെ അറ്റകുറ്റപ്പണിക്ക് ഫണ്ടില്ല. കുരീപ്പുഴയിലെ മറ്റ് പല റോഡുകളുടയും റീ ടാറിംഗ് അടുത്തിടെ നടത്തിയെങ്കിലും ഈ റോഡ് ഉൾപ്പെടുത്തിയിരുന്നില്ല. റോഡ് റീ ടാർ ചെയ്യുന്നതിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷന് അപേക്ഷ നൽകിയിട്ടുണ്ട്
ഗിരിജ, ഡിവിഷൻ കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |