
കൊല്ലം: എൻ.ഡി.പി.എസ് (ലഹരി കേസ്) കേസുകളിൽ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിക്കച്ചവടം നടത്തുന്നവരെ പൂട്ടാനൊരുങ്ങി എക്‌സൈസും പൊലീസും. ജില്ലയിലും പിറ്റ് എൻ.ഡി.പി.എസ് ആക്ട് (പ്രിവൻഷൻ ഒഫ് ഇല്ലിസിറ്റ് ട്രാഫിക്ക് ഇൻ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസസ് ആക്ട്) നടപ്പാക്കാൻ തീരുമാനിച്ചു.
ലഹരിക്കേസുകളിൽ ജയിൽമോചിതരായവർ പുറത്തിറങ്ങിയ ശേഷം വീണ്ടും ലഹരി ഇടപാടുകളിൽ ഏർപ്പെടുന്നതായുള്ള പരാതികൾ വ്യാപകമായതോടെയാണ് പുതിയ നടപടികളിലേക്ക് പൊലീസും എക്‌സൈസും കടക്കുന്നത്. ലഹരിക്കേസിൽ പ്രതികളാകുന്നവരെ കാപ്പ മാതൃകയിൽ രണ്ടുവർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാനാവും വിധമാണ് പിറ്റ് എൻ.ഡി.പി.എസ് നിയമം തയ്യാറാക്കിയിരിക്കുന്നത്.
ജില്ലയിൽ പിറ്റ് എൻ.ഡി.പി.എസ് പട്ടികയിലുൾപ്പെടുത്തേണ്ടവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പിറ്റ് ആക്ട് നടപ്പാക്കാൻ റൂറൽ, സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിൽ സിറ്റി പരിധിയിലുള്ള ഒരാൾക്കെതിരെ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. തുടർദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് നീങ്ങാനാണ് ലക്ഷ്യം.
ലഹരിക്കേസിൽ പിടിയിലായ ശേഷം പുറത്തിറങ്ങിയവരുടെ വിവരങ്ങൾ എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും ശേഖരിക്കുന്നുണ്ട്. പലതവണയായി അറസ്റ്റിലായവരുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് തയ്യാറാക്കുകയാണ് പ്രാരംഭ നടപടി. ശേഷം ജില്ലാ പൊലീസ് ചീഫുമാർ ഇവ പരിശോധിച്ച് ഉറപ്പാക്കി റിപ്പോർട്ട് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറും. റിപ്പോർട്ട് ശരിയെന്ന് തെളിഞ്ഞാൽ പിറ്റ് ആക്ട് ചുമത്തി തുടർനടപടിക്ക് അനുമതി തേടി പൊലീസ് അറസ്റ്റിലേക്ക് കടക്കും.
പുറത്തിറങ്ങി വീണ്ടും ലഹരിയിടപാട് നടത്തി പിടിയിലായാൽ ജാമ്യംപോലും ലഭിക്കില്ല എന്നതും നിയമത്തിലുണ്ട്. ഒന്നിലധികം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഒരാൾക്കെതിരെ ചുമത്തുന്ന കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ടിന് (കാപ്പ) സമാനമാണ് പിറ്റ് എൻ.ഡി.പി.എസ് നിയമവും. ഇത്തരം കേസുകളിൽ പിടിയിലാകുന്നവരിൽ അധികവും യുവാക്കളാണ്.
ലഹരിവ്യാപനം തടയുന്നതിന് സംയുക്ത സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകളും സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവും ജില്ലയിൽ സംഘടിപ്പിക്കുന്നുണ്ടെങ്കിലും പുതുതലമുറ ലഹരിയുടെ വ്യാപനം ഇപ്പോഴും നിയന്ത്രണാതീതമാണ്. ജില്ലയിലെ എകസൈസ് വകുപ്പിലെ ജീവനക്കാരുടെ കുറവാണ് ഇതിന് കാരണം.
കാപ്പ മാതൃകയിൽ ശിക്ഷ ഉറപ്പാക്കും
അപകടകരമായ ലഹരിവസ്തുക്കളുടെ അനധികൃത വിതരണം തടയുന്നതാണ് 1988 ലെ പിറ്റ് എൻ.ഡി.പി.എസ് നിയമം
ലഹരിക്കേസുകളിൽ തുടർച്ചയായി പ്രതികളാകുന്നവരെ കാപ്പ മാതൃകയിൽ കരുതൽ തടങ്കലിൽ വയ്ക്കും
നിയമം നടപ്പാക്കുന്നതോടെ ലഹരിക്കേസുകളിൽ മതിയായ ശിക്ഷ ഉറപ്പാക്കാനാകും
ഒൻപത് മാസത്തിനിടെ
529 കേസുകൾ
കഴിഞ്ഞ ഒൻപത് മാസത്തിനിടെ എക്‌സൈസ് രജിസ്റ്റർ ചെയ്തത് 529 കേസുകൾ. ഇതിൽ 530 പേരെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയ എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. 146 ഗ്രാം എം.ഡി.എം.എയും 153കിലോ കഞ്ചാവുമാണ് ഇതിനോടകം പിടിച്ചെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |