കൊല്ലം: ജില്ലയിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ 30 വരെ മലമ്പനി (മലേറിയ) ബാധിച്ച് ചികിത്സ തേടിയത് 51 പേർ. കഴിഞ്ഞമാസം പാരിപ്പള്ളി, നെടുമൺകാവ്, വള്ളിക്കാവ്, ശൂരനാട് നോർത്ത്, സൗത്ത് എന്നിവിടങ്ങളിലായി 7 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് ജൂലായിലാണ്. 17 പേർ ചികിത്സ തേടി. കൊതുകുജന്യ രോഗങ്ങളിൽ ഉൾപ്പെട്ടതാണ് മലമ്പനി. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരിലാണ് രോഗം സ്ഥിരീകരിച്ചത്. തദ്ദേശീയ അനോഫിലിസ് കൊതുകുകളിലൂടെ രോഗം പകരുന്നതും സമയത്ത് ചികിത്സ തേടാതിരിക്കുന്നതുമാണ് കേസുകൾ കൂടാൻ കാരണമായി ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. അനോഫിലിസ് വിഭാഗത്തിലെ പെൺ കൊതുകുകളാണ് രോഗം പരത്തുന്നത്. സർക്കാർ ആശുപത്രികളിൽ മലമ്പനിക്ക് സമ്പൂർണ ചികിത്സയും പരിശോധനകളും തികച്ചും സൗജന്യമാണ്.
വേണം ജാഗ്രത
രാത്രിസമയത്താണ് രോഗസംക്രമണം. രോഗമുള്ളയാളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും രോഗം പകരാം. കൊതുകിന്റെ ഉമിനീർ ഗ്രന്ഥികൾ വഴി മലമ്പനി മനുഷ്യ ശരീരത്തിൽ കടക്കും. തുടർന്ന് കരളിൽ പ്രവേശിക്കുന്ന രോഗാണുക്കൾ ഒരാഴ്ചയ്ക്കുശേഷം ലക്ഷണങ്ങൾ പ്രകടമാക്കും. രോഗം സ്ഥിരീകരിച്ചവരിൽ 3, 14, 28 ദിവസങ്ങളിൽ രക്തപരിശോധന നടത്തി പ്ലാസ്മോഡിയത്തിന്റെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പുവരുത്തണം. രണ്ടുവർഷം മാസത്തിൽ ഒരിക്കൽ രക്തപരിശോധന നടത്തണം. ചികിത്സയിലൂടെ രക്തത്തിലെ പാരസൈറ്റുകൾ നശിക്കുമെങ്കിലും കരളിൽ സുക്ഷുപ്താവസ്ഥ കണ്ടേക്കാം. ഇത് പരിശോധനയിലൂടെ കണ്ടെത്തി വീണ്ടും രോഗബാധ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാകും.
ശ്രദ്ധിക്കാൻ
അന്യസംസ്ഥാന തൊഴിലാളികൾ രക്ത പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കണം
രോഗലക്ഷണം കണ്ടാൽ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രികളിലെത്തണം
മരുന്നിന്റെ കോഴ്സ് തീരുന്നതുവരെ കഴിക്കണം
മുമ്പ് മലമ്പനി വന്നിട്ടുണ്ടെങ്കിൽ വിവരം ഡോക്ടറെ അറിയിക്കണം
ലക്ഷണങ്ങൾ
തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം
ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ, മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കും
മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം
പനി, ശക്തമായ തലവേദന എന്നിവ മാത്രമായും കാണാം
രോഗം ബാധിച്ചവർ
ജനുവരി-1
ഫെബ്രുവരി-0
മാർച്ച്-2
ഏപ്രിൽ-2
മേയ്-4
ജൂൺ-4
ജൂലായ് -19
ആഗസ്റ്റ് -6
സെപ്തംബർ-3
ഒക്ടോബർ-2
നവംബർ -1
ഡിസംബർ - 7
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |