കൊല്ലം: ചൂരൽമലയിലെ പ്രളയദുരന്തമായിരുന്നു പ്രച്ഛനവേഷ വേദികളിലെ വിഷയം. നാടിന്റെ ഉള്ളു പൊട്ടിച്ച ദുരന്തത്തിന്റെ ഭീകരതയെ അവർ അവതരിപ്പിച്ചപ്പോൾ കാണികൾക്ക് കണ്ണുനീർ തടയാനായില്ല. തൃശൂർ തളിർ ബഡ്സ് സ്കൂൾ വിദ്യാർത്ഥി ടി.എസ്. വൈദേഹി, വയനാട് തിരുനെല്ലി പാരഡൈസ് ബഡ്സ് സ്കൂൾ വിദ്യാർത്ഥി വി.ബി. അശ്വന്ത് എന്നിവർ അസാദ്ധ്യപ്രകടനത്തിലൂടെ നേടിയത് ഒന്നും മൂന്നും സ്ഥാനം.
ഉറ്റവരെ കാണാതെ ഒടുവിൽ അവരുടെ ശരീരഭാഗങ്ങൾ കണ്ടപ്പോഴുണ്ടായ തേങ്ങലായിരുന്നു ഇരുവരുടെയും പ്രമേയം. കഴിഞ്ഞ രണ്ടു വർഷങ്ങളിലും അശ്വന്തിനായിരുന്നു ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം. എന്നാൽ ഇക്കുറി വൈദേഹി ഒന്നാംസ്ഥാനം സ്വന്തമാക്കി. അദ്ധ്യാപിക അഞ്ജു കെ.ജയനാണ് വൈദേഹിയുടെ പരിശീലക. ഒരുക്കിയതും അഞ്ജു തന്നെ. വേലൂർ സ്വദേശി സജീവിന്റെയും ഷീലയുടെയും മകളായ വൈദേഹി കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് സംസ്കൃതത്തിൽ ബിരുദവും നേടിയിട്ടുണ്ട്. സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായപ്പോൾ ചികിത്സയുടെ ഭാഗമായി പരിശീലിച്ച ശാസ്ത്രീയ സംഗീതത്തിലും മിടുക്കിയാണ് വൈദേഹി. ചേലൂർ വടക്കാവുങ്കൽ ബിജുവിന്റെയും അമ്പളിയുടെയും മകനാണ് അശ്വന്ത്. അഭിനയത്തിൽ മാത്രമല്ല, ബാൻഡ്മേളം, ഒപ്പന, നാടോടി നൃത്തം, ക്രാഫ്റ്റ് എന്നിവയിലും മനിറഞ്ഞു നിൽക്കുന്നു. ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ആശിഖിന്റെ നേതൃത്വത്തിലാണ് കുട്ടികളെ മത്സരങ്ങൾക്ക് തയ്യാറെടുപ്പിക്കുന്നത്. വയനാട് ദുരന്തം കൂടാതെ വന്ദനദാസ്, അർദ്ധനാരീശ്വരി, ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബ്, സരസ്വതി ദേവി എന്നിവരും പ്രച്ഛന്നവേഷ മത്സരത്തിന് പ്രമേയങ്ങളായി. കണ്ണൂരിലെ വി.പി. മുസാവിർ ആണ് രണ്ടാംസ്ഥാനം നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |