SignIn
Kerala Kaumudi Online
Saturday, 24 October 2026 12.40 AM IST

വനിത എസ്.ഐയുമായി ചേർന്ന് പീഡനം: എസ്.ഐയ്‌ക്ക് സസ്‌പെൻഷൻ

കൊല്ലം: സുഹൃത്തായ വനിത എസ്.ഐയുമായുള്ള അവിഹിത ബന്ധത്തിനും ഭാര്യയെ കൂടുതൽ സ്‌ത്രീധനത്തിനായി പീഡിപ്പിച്ചതിനും രജിസ്‌റ്റർ ചെയ്‌ത കേസിൽ എസ്.ഐയെ സസ്‌പെൻഡ് ചെയ്‌തു. വർക്കല എസ്.ഐ എസ്.അഭിഷേകിനെയാണ് തിരുവന്തപുരം റേഞ്ച് ഡി.ഐ.ജി എസ്.അജിതാ ബീഗം ഇന്നലെ സസ്‌പെൻഡ് ചെയ്‌തത്.

നിയമപരമായി ഭാര്യ ഉള്ളപ്പോൾ എസ്.ഐയുടെ അവിഹിത ബന്ധം പെരുമാറ്റദൂഷ്യവും പൊലീസ് സേനയ്‌ക്ക് അപമാനവുമാണെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. കൂടുതൽ സ്‌ത്രീധനത്തിനായി അഭിഷേക് ഭാര്യയെ ഗാർഹിക പീഡനത്തിന് ഇരയാക്കിയത് അവരെ ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു. അഭിഷേകുമൊത്തുള്ള ചിത്രങ്ങൾ ആശ വ്യാപകമായി പ്രചരിപ്പിച്ചത് ഭാര്യയെ മാനസികമായി തളർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നും ഈ ബന്ധത്തെ എതിർത്തതിന്റെ പേരിൽ ആശ പരാതിക്കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ശാരീരികമായി ഉപദ്രവിച്ചെന്നും അവഹേളിച്ചെന്നും ഉത്തരവിലുണ്ട്.

കൊല്ലം സിറ്റി പൊലീസ് ചീഫ് സമർപ്പിച്ച റിപ്പോർട്ടിനെ തുർന്നാണ് നടപടി. ഭാരതീയ ന്യായസംഹിത 85, 125 (2),115(2) , 351(2),3(5) എന്നീ ഗൗരവമേറിയ വകുപ്പുകളാണ് അഭിഷേകിനെതിരെ ചുമത്തിയിരിക്കുന്നത്. ആദ്യം പരവൂർ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് പിന്നീട് കൊല്ലം സിറ്റി ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ചത്.

കൂട്ടുപ്രതിക്ക് നടപടിയില്ല

കേസിൽ അഭിഷേകിനൊപ്പം തുല്യ പങ്കാളിത്തമുള്ള രണ്ടാം പ്രതി എസ്.ഐ ആശയ്‌ക്കെതിരെ നടപടിയില്ലാത്തത് അസ്വാഭാവികതയായി. ജില്ലാ കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും കൊല്ലം എസ്.എസ്.ബി യൂണിറ്റിൽ എസ്.ഐ ആയിരുന്ന ആശയെ പത്തനംതിട്ടയിലേക്ക് മാറ്റുക മാത്രമാണ് ചെയ്‌തത്. ആശയെ കൊല്ലത്ത് നിന്ന് ഉടൻ മാറ്റണമെന്ന ഡി.ഐ.ജിയുടെ ഉത്തരവ് പോലും പൂഴ്‌ത്തി സംരക്ഷിക്കുകയായിരുന്നു.

ഹൈക്കോടതിയിൽ തിരിച്ചടിയാകും

ആശയും അഭിഷേകും ഹൈക്കോടതിയിൽ പ്രത്യേകം ഫയൽ ചെയ്‌തിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തലേന്ന് ഇറങ്ങിയ സസ്‌പെൻഷൻ ഉത്തരവ് പ്രോസിക്യൂഷന്റെയും പരാതിക്കാരിയുടെ അഭിഭാഷകന്റെയും വാദങ്ങൾക്ക് സാധുത പകരും. ഇന്നും 30 നുമായാണ് രണ്ട് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. എന്നാൽ ഗൗരവമേറിയ കേസിൽ പ്രതികളായ പൊലീസ് ഓഫീസർമാർ ഇപ്പോഴും സർവീസിൽ തുടരുന്നതിന്റെ വിരോധാഭാസം ഹൈക്കോടതി ചോദ്യം ചെയ്‌തേക്കുമെന്ന നാണക്കേടിൽ നിന്നൊഴിവാകാനാണ് അവസാന മണിക്കൂറിലെ നടപടിയെന്നും വ്യാഖ്യാനമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL