SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

പെരുമൺ- മൺറോത്തുരുത്ത് ജങ്കാർ സർവീസ് നിറുത്തി

 പട്ടംതുരുത്തിലെ കടവിൽ അറ്റകുറ്റപ്പണി

കൊല്ലം: പട്ടംതുരുത്തിലെ കടവിന്റെ അറ്റകുറ്റപ്പണികൾക്കായി പെരുമൺ- മൺറോത്തുരുത്ത് ജങ്കാർ സർവീസ് താത്കാലികമായി നിറുത്തിവച്ചു. കടവിന്റെ നവീകരണം പൂർത്തിയാക്കി അടുത്ത ഞായറാഴ്ച മുതൽ സർവീസ് പുനരാരംഭിക്കാമെന്നാണ് കണക്കുകൂട്ടൽ.

പെരുമണിൽ നിന്ന് മൺറോത്തുരുത്തിലേക്കായിരുന്നു ജങ്കാറിന്റെ സർവീസ്. നിർമ്മാണം പുരോഗമിക്കുന്ന പുതിയ പാലം മൺറോത്തുരുത്തിൽ അവസാനിക്കുന്ന ഭാഗത്താണ് പേഴുംതുരുത്തിലെ ജങ്കാർ കടവ്. പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം ആരംഭിച്ച സാഹചര്യത്തിൽ കരാർ കമ്പനി ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി പട്ടംതുരുത്തിലാണ് ജങ്കാർ അടുപ്പിച്ചിരുന്നത്. എന്നാൽ വാഹനങ്ങൾ കയറ്റാനും ഇറക്കാനും കഴിയാത്ത തരത്തിൽ കടവ് തകർന്നതോടെയാണ് നവീകരണത്തിനായി സർവീസ് നിറുത്തിയത്. വേലിയേറ്റ സമയത്ത് ജലനിരപ്പ് ഉയരുമ്പോൾ കടവും ജങ്കാറും തമ്മിലുള്ള ഉയര പ്രശ്നവും സർവീസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. പാലത്തിന്റെ സർവീസ് റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നതിന് പിന്നാലെ ജങ്കാർ വീണ്ടും പേഴുംതുരുത്തിലേക്ക് മാറ്റും.

നവീകരണം നീണ്ടാൽ അത്രയും കാലം മൺറോത്തുരുത്തുകാർ കൊല്ലത്ത് എത്താൻ കുണ്ടറ വഴി 25 കിലോമീറ്ററോളം ചുറ്റിക്കറങ്ങണം. തുരുത്തിലേക്കുള്ള സഞ്ചാരികളുടെ വരവും കുറയും.

കടവ് നിർമ്മാണം നാട്ടുകാർ ഒരുമിച്ച്

നാട്ടുകാർ ഒറ്റക്കെട്ടായി പണം സമാഹരിച്ചാണ് പട്ടംതുരുത്തിലെ ജങ്കാർ കടവ് നവീകരിക്കുന്നത്. തെങ്ങിൻ കുറ്റികൾ അടക്കം സ്ഥാപിച്ച് കടവ് ബലപ്പെടുത്തുന്നതിനൊപ്പം ഉയരവും വർദ്ധിപ്പിക്കും.

പട്ടംതുരുത്തിലെ കടവ് ആകെ തകർന്ന് കിടക്കുകയാണ്. നാട്ടുകാരുടെ സഹായത്തോടെയാണ് നവീകരണം.

ഡോ. രാജശേഖരൻ, പനയം പഞ്ചായത്ത് പ്രസിഡന്റ്

ജങ്കാർ മുടങ്ങിയാൽ മൺറോത്തുരുത്തുകാരാകെ ദുരിതത്തിലാകും. അതുകൊണ്ടാണ് നാട്ടുകാർ ഒരുമിച്ച് കടവ് നവീകരിക്കുന്നത്.

സുരേഷ്, പട്ടംതുരുത്ത് വാർഡ് അംഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL