SignIn
Kerala Kaumudi Online
Friday, 23 October 2026 1.46 AM IST

സി.പി.എം - ബി.ജെ.പി സംഘർഷം; ഒരാൾ പിടിയിൽ

കൊല്ലം: വാട്ടർ കണക്ഷന് കുഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട് വള്ളിക്കീഴ് കഴിഞ്ഞ ശനിയാഴ്ച രാത്രി ഉണ്ടായ സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ പിടിയിൽ. ബി.ജെ.പി പ്രവർത്തകനായ കാവനാട് മീനച്ചേരി തറയത്ത് തെക്കതിൽ സുരേഷ് കുമാറാണ് (56) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ മൂന്ന് സി.പി.എം പ്രവർത്തകർക്കും പത്ത് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെയും കേസെടുത്തു.

വള്ളിക്കീഴ് ജംഗ്ഷനിൽ കട നടത്തുകയാണ് സുരേഷ് കുമാർ. ശനിയാഴ്ച രാത്രി 10.30നാണ് സംഭവം. സുരേഷിന്റെ കടയുടെ തൊട്ടു പിന്നിൽ പ്രവർത്തിക്കുന്ന മറ്റൊരു ബേക്കറിയിലേക്ക് വാട്ടർ കണക്ഷൻ എടുക്കാൻ കുഴിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കടയുടെ മുന്നിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് ഒരു വിഭാഗം ചോദ്യം ചെയ്തു. സംഭവം അറിഞ്ഞ് വാർഡ് കൗൺസിലർ എസ്.ജയൻ സ്ഥലത്തെത്തുകയും അദ്ദേഹവുമായി വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരും സുരേഷിനെ അനുകൂലിക്കുന്ന ബി.ജെ.പി പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടാവുകയുമായിരുന്നു. സംഘർഷത്തിൽ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ കുരീപ്പുഴ ജയൻ നിവാസിൽ എസ്.ജയൻ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കാവനാട് തോണ്ടതിൽ തെക്കതിൽ അനിൽ, സി.പി.എം പ്രവർത്തകനായ രാമൻകുളങ്ങര കട്ടയത്ത് വീട്ടിൽ സുരേഷ് എന്നിവർക്കും അറസ്റ്റിലായ സുരേഷ് കുമാറിനും പരിക്കേറ്റിരുന്നു.

സംഭവത്തെ തുടർന്ന് ഇന്നലെ വൈകിട്ട് സി.പി,എമ്മിന്റെ നേതൃത്വത്തിൽ സംഗീത മുക്കിൽ നിന്നും കാവനാട്ടേക്കും ബി.ജെ.പിയുടെ നേതൃത്വത്തിൽ വള്ളിക്കീഴിൽ നിന്നും രാമൻകുളങ്ങരയിലേക്കും പ്രതിഷേധ പ്രകടനം നടത്തി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL