സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറക്കം
കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം നഗരത്തിൽ ബഹുജനറാലിയും റെഡ് വോളണ്ടിയർ മാർച്ചും നടക്കും. കൊല്ലം ബോയ്സ് സ്കൂൾ ഗ്രൗണ്ട്, കൊല്ലം ക്യു.എ.സി മൈതാനം എന്നിങ്ങനെ രണ്ട് കേന്ദ്രങ്ങളിൽ നിന്നാകും ചെമ്പടയുടെ പരേഡ്. നഗരത്തിൽ വൻ ഗതാഗത സ്തംഭനം ഉണ്ടാകാതിരിക്കാൻ കേന്ദ്രീകൃത ബഹുജനറാലിയില്ല. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ നാല് കേന്ദ്രങ്ങളിലെത്തി പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്തേക്ക് ചുവന്ന പുഴകളായി ഒഴുകിയെത്തി ചെങ്കടൽ തീർക്കും.
റെഡ് വോളണ്ടിയർ മാർച്ച്
1. ഹൈസ്കൂൾ ജംഗ്ഷൻ
ശൂരനാട്, കുന്നത്തൂർ, കരുനാഗപ്പള്ളി, ചവറ, അഞ്ചാലൂംമൂട് എന്നീ ഏരിയ കമ്മിറ്റികളിലെയും കൊല്ലം ഏരിയയിലെ സിവിൽ സ്റ്റേഷൻ, പോർട്ട്, തിരുമുല്ലവാരം, ടൗൺ എന്നീ ലോക്കൽ കമ്മിറ്റികളിൽ നിന്നുമുള്ള റെഡ് വോളണ്ടിയർമാരുടെ മാർച്ച് ഉച്ചയ്ക്ക് 2.30ന് കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് താലൂക്ക് കച്ചേരി, ബോട്ടുജെട്ടി, ലിങ്ക് റോഡ് വഴി ആശ്രാമം മൈതാനത്തേക്ക്. ഇവരുമായി വരുന്ന വാഹനങ്ങൾ താലൂക്ക് കച്ചേരി, ബോട്ട്ജെട്ടി ലിങ്ക് റോഡ് വഴി ആശ്രാമം ഗസ്റ്റ്ഹൗസ് കോമ്പൗണ്ടിൽ പാർക്ക് ചെയ്യണം.
2. കന്റോൺമെന്റ് മൈതാനം
പത്തനാപുരം, പുനലൂർ, കുന്നിക്കോട്, കൊട്ടാരക്കര, ചടയമംഗലം, കടയ്ക്കൽ, അഞ്ചൽ, ചാത്തന്നൂർ, നെടുവത്തൂർ, കുണ്ടറ, കൊട്ടിയം, കൊല്ലം, കൊല്ലം ഈസ്റ്റ് എന്നീ ഏരിയാകളിൽ നിന്നുള്ള റെഡ് വോളണ്ടിയർമാരുടെ മാർച്ച് കന്റോൺമെന്റ് മൈതാനത്ത് നിന്ന് വൈകിട്ട് 3ന് ആരംഭിക്കും. ഇവരുടെ വാഹനങ്ങൾ ബീച്ചിൽ പാർക്ക് ചെയ്യണം. ഈ മാർച്ചിന് പിന്നിലായി കലാരൂപങ്ങളും, പോളിറ്റ് ബ്യൂറോ അംഗങ്ങളും സംസ്ഥാന നേതാക്കളും അണിനിരക്കുന്ന ബഹുജന റാലി.
ബഹുജനറാലി
1. കൊല്ലം ടൗൺ ഹാൾ
പോളിറ്റ് ബ്യൂറോ അംഗങ്ങളും സംസ്ഥാന നേതാക്കളും പങ്കെടുക്കുന്ന പ്രധാന ബഹുജനറാലി പ്രതിനിധി സമ്മേളനം നടക്കുന്ന കൊല്ലം ടൗൺ ഹാളിന് മുന്നിൽ നിന്ന് ചിന്നക്കട വഴി ആശ്രാമത്തേക്ക് പോകും. കൊട്ടിയം ഏരിയയിലെ മയ്യനാട്, കൊട്ടിയം എൽ.സികൾ, കൊല്ലം ഈസ്റ്റ് ഏരിയയിലെ മങ്ങാട് ഒഴികെയുള്ള എൽ.സികൾ, കൊല്ലം ഏരിയായിലെ പോളയത്തോട് എൽ.സി എന്നിവിടങ്ങളിൽ നിന്നുള്ളവർ റാലിയിൽ അണിനിരക്കും.
2. ഹൈസ്കൂൾ ജംഗ്ഷൻ
ശൂരനാട്, കുന്നത്തൂർ, കരുനാഗപ്പള്ളി, ചവറ, അഞ്ചാലുംമൂട് എന്നീ ഏരിയകൾ, കൊല്ലം ഏരിയയിലെ സിവിൽ സ്റ്റേഷൻ, പോർട്ട്, തിരുമുല്ലവാരം, ടൗൺ എന്നീ ലോക്കൽ കമ്മിറ്റികൾ എന്നിവിടങ്ങളിൽ നിന്നുള്ളവർ അണിനിരക്കുന്ന ബഹുജന റാലി ജില്ലാപഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് വൈകിട്ട് 4ന് താലൂക്ക് കച്ചേരി വഴി ലിങ്ക് റോഡിലൂടെ ആശ്രാമം മൈതാനത്ത് എത്തും. ഇവരുമായെത്തുന്ന വാഹനങ്ങൾ താലൂക്ക് കച്ചേരി ലിങ്ക് റോഡ് വഴി ആശ്രാമം ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിൽ പാർക്ക് ചെയ്യണം.
3. കടപ്പാക്കട
പത്തനാപുരം, പുനലൂർ, കുന്നിക്കോട്, കൊട്ടാരക്കര, നെടുവത്തൂർ, കുണ്ടറ ഏരിയകൾ,കൊല്ലം ഏരിയയിലെ കടപ്പാക്കട എൽ.സി, കൊല്ലം ഈസ്റ്റ് ഏരിയായിലെ മങ്ങാട് എൽ.സി എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവർ കടപ്പാക്കട സ്പോർട്സ് ക്ലബിൽ നിന്ന് ആശ്രാമം മൈതാനത്തേക്ക് പ്രകടനമായി നീങ്ങും. ഇവരുടെ വാഹനങ്ങൾ ആശ്രാമം മൈതാനത്തെ ക്രിക്കറ്റ് ക്വാർട്ടിന് സമീപവും പ്രശാന്തി ഗാർഡൻസിലും പാർക്ക് ചെയ്യണം.
4. ശാരദാമഠം ചെമ്മാംമുക്ക്
കടയ്ക്കൽ, ചടയമംഗലം ഏരിയകളിൽ നിന്നുള്ളവരുടെ ബഹുജന റാലി കൊല്ലം എസ്.എൻ.കോളേജിൽ നിന്ന് ശാരദാമഠം, ക്രിസ്തുരാജ് സ്കൂൾ, ചെമ്മാംമുക്ക്, കടപ്പാക്കട വഴി പോകും. വാഹന പാർക്കിംഗ് കൊല്ലം എസ്.എൻ കോളേജ് ഗ്രൗണ്ടിൽ.
അഞ്ചൽ എ.സിയിൽ നിന്നുള്ളവരുടെ റാലി കർബല ജംഗ്ഷനിൽ നിന്ന് ചെമ്മാംമുക്ക്, കടപ്പാക്കട വഴി. വാഹന പാർക്കിംഗ് കർബല ട്രസ്റ്റ് കോമ്പൗണ്ടിലും വിമൻസ് കോളേജിന് മുന്നിലും. ചാത്തന്നൂരുകാരുടെ ബഹുജനറാലി ക്രിസ്തുരാജ് സ്കൂളിന് മുന്നിൽ നിന്ന് ചെമ്മാംമുക്ക് കടപ്പാക്കട വഴി. വാഹന പാർക്കിംഗ് കൊല്ലം ബീച്ചിൽ. കൊട്ടിയം ഏരിയയിലെ മയ്യനാട്, കൊട്ടിയം ഒഴികെ മറ്റ് എൽ.സികളിൽ നിന്നുള്ളവരുടെ റാലി ജവഹർ ജംഗ്ഷൻ, ചെമ്മാംമുക്ക്, കടപ്പാക്കട വഴി. വാഹന പാർക്കിംഗ് കൊല്ലം ബീച്ചിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |