കരുനാഗപ്പള്ളി: യാത്രക്കാർക്ക് അപകടമുണ്ടാവും വിധം കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ അശാസ്ത്രീയമായി നിർമ്മിച്ച ട്രോളി പാത്ത് (നടവഴി) വിനയാവുന്നു. പ്രധാനപ്പെട്ട രണ്ട് റെയിൽവേ ലൈനുകളുടെ മദ്ധ്യഭാഗത്താണ് ട്രോളി പാത്ത് നിർമ്മിച്ചിരിക്കുന്നത്. കരുനാഗപ്പള്ളിയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനുകൾ തലങ്ങും വിലങ്ങും ഒരേപോലെ വന്നാൽ, ഈ പാത്തിലൂടെ നടക്കുന്നവർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയേറെയാണ്.
പഴയ കോൺക്രീറ്റ് സ്ലീപ്പറാണ് ഇതിനായി ഉപയോഗിച്ചത്. ട്രോളി പാത്ത് ചെന്ന് ചേരുന്നത് മൂന്നാം പ്ളാറ്റ്ഫോമിലാണ്. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ രണ്ടും മൂന്നും ഫ്ലാറ്റ് ഫാേമിലേക്ക് പോയിരുന്നത് ഫുട്ട് ഓവർ ബ്രിഡ്ജിലൂടെയായിരുന്നു. ഫുട്ട് ഓവർ ബ്രിഡ്ജ് ജീർണ്ണിച്ചതോടെ ഇതിന്റെ പല സ്ലാബുകളുടെയും കോൺക്രീറ്റ് ഇളകിമാറി കമ്പി പുറത്തേക്ക് തള്ളിത്തുടങ്ങി. ഇതോടെ, റെയിൽവേ അധികൃതർ അറ്റകുറ്റപ്പണികൾക്കായി ഫുട്ട് ഓവർ ബ്രിഡ്ജ് അടച്ച് പൂട്ടി. ഇക്കാരണത്താൽ റെയിൽവേ സ്റ്റേഷന് കിഴക്ക് വശമുള്ള രണ്ടും മൂന്നും പ്ളാറ്റ്ഫോമിലേക്ക് യാത്രക്കാർക്ക് പോകാൻ ബുദ്ധിമുട്ടായി. തുടർന്നാണ് താത്കാലികമായി റെയിൽവേ ട്രോളി പാത്ത് നിർമ്മിച്ചത്.
രണ്ടും മൂന്നും പ്ളാറ്റ് ഫോമിൽ യാത്രയ്ക്കായി എത്തുന്ന ഭിന്നശേഷിക്കാരും മുതിർന്നവരും വല്ലാതെ ബുദ്ധിമുട്ടുകയാണ്. സാധാരണ യാത്രക്കാർ റെയിൽവേ സ്റ്റേഷന് തെക്കുവശമുള്ള ഇടുങ്ങിയ നടപ്പാതയിലൂടെ 5 റെയിൽവെ ലൈനുകൾ കടന്ന് വേണം ട്രോളി പാത്തിലെത്താൻ. ഫുട്ട് ഓവർ ബ്രിഡ്ജിന്റെ അറ്റകുറ്റപ്പണി ഒരാഴ്ചക്കുള്ളിൽ തീർക്കേണ്ടതായിരുന്നു. എന്നാൽ ഇപ്പോൾ ഒന്നര മാസം കഴിഞ്ഞു. പണി എങ്ങുമെങ്ങും എത്തിയില്ല.
ഫുട്ട് ഓവർ ബ്രിഡ്ജിന്റെ കാര്യത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ല. ഈ നില തുടർന്നാൽ മാസങ്ങളെടുക്കും പണി തീരാൻ. ഫുട്ട് ഓവർ ബ്രിഡ്ജിന്റെ അറ്റകുറ്റപ്പണി അനന്തമായി നീണ്ടാൽ ശക്തമായ സമരം സംഘടിപ്പിക്കും
നജീബ് മണ്ണേൽ, റെയിൽവേ ആക്ഷൻ കൗൺസിൽ ചെയർമാൻ, കെ.കെ. രവി, കൺവീനർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |