കൊല്ലം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഷങ്ങളായി കുന്നുക്കൂടിക്കിടക്കുന്ന മാലിന്യം സംസ്കരിക്കാൻ ബയോ മൈനിംഗ് നടത്തുന്നു. മണ്ണിനടിയിൽ കിടക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം വേർതിരിച്ച് നഗരത്തിന് പുറത്തുകൊണ്ടുപോയി സംസ്കരിക്കാനാണ് പദ്ധതി.
നഗരത്തിൽ വർഷങ്ങളായി മാലിന്യം കുന്നുകൂടി കിടക്കുന്ന എട്ട് കേന്ദ്രങ്ങളാണ് ഇപ്പോൾ ബയോ മൈനിംഗിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്നവർ തന്നെ ഇവിടങ്ങളിൽ ഇടയ്ക്കിടെ തീയിടുന്നതോടെ പ്രദേശത്താകെ വിഷവായു പരക്കും. അജൈവ മാലിന്യങ്ങൾക്കൊപ്പം ഭക്ഷണാവശിഷ്ടങ്ങളും ഇറച്ചിവേസ്റ്റും ചീഞ്ഞഴുകി ഇവിടങ്ങളിൽ എപ്പോഴും അസഹ്യമായ ദുർഗന്ധമാണ്. കാര്യമായ ജനവാസമില്ലാത്ത ഈ പ്രദേശങ്ങളിൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്ന് തള്ളാറുണ്ട്.
ഏറ്റവും കുറഞ്ഞ നിരക്കിന് പുറമേ ശാസ്ത്രീയമായി മാലിന്യം വേർതിരിച്ച് സംസ്കരിക്കുന്ന ഏജൻസിയെ താല്പര്യപത്രം ക്ഷണിച്ച് കണ്ടെത്തിയാകും കരാർ നൽകുക. ഇവിടെ നിന്ന് വേർതിരിച്ചെടുക്കുന്ന മാലിന്യം സംസ്കരണത്തിനായി കൈമാറാൻ സിമെന്റ് ഫാക്ടറി, ടയർ നിർമ്മാണ കമ്പനികൾ എന്നിവയുമായടക്കം ധാരണാപത്രമുള്ള ഏജൻസിയെ മാത്രമേ പരിഗണിക്കൂ. ജി.പി.എസ് ഘടിപ്പിച്ച ലോറികളിലേ മാലിന്യം കയറ്റാൻ അനുവദിക്കൂ. കരാറിൽ പറയുന്ന കേന്ദ്രങ്ങളിലേക്ക് തന്നെയാണോ മാലിന്യം കൊണ്ടുപോകുന്നതെന്ന് ജി.പി.എസ് മുഖേന നിരീക്ഷിക്കും. കരാറായാൽ ഒരുമാസത്തികനം പൂർത്തിയാക്കുകയാണ് ലക്ഷ്യം. കൂടുതൽ സ്ഥലങ്ങൾ പട്ടികയിൽ ഉൾപ്പെടുത്താനും സാദ്ധ്യതയുണ്ട്.
ലക്ഷ്യമിടുന്ന സ്ഥലങ്ങൾ
പോളയത്തോട് ശ്മശാനത്തിന് സമീപം
ലിങ്ക് റോഡ്
തീരദേശം
ചിന്നക്കട റെയിൽവേ റൗണ്ടിന് സമീപം
എസ്.എം.പി പാലസ് റോഡ്
ആശ്രാമം
പാർവതി മിൽ പരിസരം
മുളങ്കാടകം ശ്മശാനം
നഗരസഭയിലെ ശുചീകരണ ജീവനക്കാരെ നിയോഗിച്ച് നീക്കാൻ കഴിയാത്ത മണ്ണിലടിഞ്ഞുപോയ മാലിന്യം അടക്കം നീക്കം ചെയ്യാനാണ് ഇപ്പോൾ ബയോ മൈനിംഗ് നടത്തുന്നത്.
നഗരസഭ അരോഗ്യവിഭാഗം അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |