SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.24 AM IST

സാക്ഷരത പ്രേരക്മാർക്ക് ഇരട്ടി ജോലിയുണ്ട്, കൂലി രണ്ടുതട്ടിൽ

കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് വിന്യസിക്കപ്പെട്ടെങ്കിലും വർദ്ധിച്ച ജോലിഭാരത്തിന് അനുസൃതമായി കൂലിയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ സാക്ഷരത പ്രേരക്മാർ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായിരുന്ന സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയെയും പ്രേരക്മാരെയും 2023 സെപ്തംബർ 22ലെ ഉത്തരവ് പ്രകാരം തദ്ദേശ വകുപ്പിലേക്ക് മാറ്റിയിരുന്നു.

വേതനത്തിന്റെ 60 ശതമാനം തദ്ദേശസ്ഥാപനവും 40 ശതമാനം സാക്ഷരത മിഷനും നൽകാനായിരുന്നു വ്യവസ്ഥ. ഇതുപോലും ഒന്നിച്ച് ലഭിക്കുന്നില്ല. കൂലിയിൽ 1000 രൂപ വർദ്ധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബർ 1 മുതൽ പ്രേരക്മാർക്ക് 13000 രൂപയും നോഡൽ പ്രേരക്മാർക്ക് 16000 രൂപയുമാണ് ലഭിക്കുന്നത്. കഴിഞ്ഞ ബഡ്‌ജറ്റിൽ 1000 രൂപ കൂടി വർദ്ധിപ്പിച്ചു.

എന്നാൽ പുതിയ വകുപ്പിലേക്കെത്തി ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നെങ്കിലും ഈ തുക പര്യാപ്തമല്ല. സാക്ഷരത തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾ മാത്രം നടത്തിയിരുന്ന ഇവർക്കിപ്പോൾ ഡിജിറ്റൽ സാക്ഷരത, മാലിന്യ സംസ്കരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, നികുതി പിരിവ്, ഓഫീസ് ഡ്യൂട്ടി എന്നിവയുമുണ്ട്. കൂടാതെ പഞ്ചായത്ത് സെക്രട്ടറി നൽകുന്ന ജോലിയും ചെയ്യണം.

ഫണ്ട് ലഭിക്കുന്നപോലെ രണ്ടാം ശമ്പളം

 സാക്ഷരത മിഷൻ ഫണ്ട് ലഭിക്കുന്ന മുറയ്ക്കേ 40 ശതമാനം ശമ്പളം ലഭിക്കുന്നുള്ളു

 നിലവിൽ കുടിശ്ശികയില്ല

 60 വയസുവരെ ജോലി ചെയ്ത് പിരിയുമ്പോൾ പെൻഷനോ റിട്ടയർമെന്റ് ആനുകൂല്യങ്ങളോ ഇല്ല

 സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർമാരും ഓഫീസ് ജീവനക്കാരും സ്ഥിരപ്പെടുമ്പോഴും പ്രേരക്മാർക്ക് തൊഴിൽ സ്ഥിരതയില്ല

 ചികിത്സാ സഹായങ്ങളും ലഭിക്കുന്നില്ല

നിയമിച്ചത്

1998ൽ

ആവശ്യങ്ങൾ

 സൂപ്പർ ന്യൂമറി തസ്തിക നൽകുക, അല്ലെങ്കിൽ പാർടൈം ജീവനക്കാർക്ക് തത്തുല്യമായി സ്ഥിരപ്പെടുത്തുക

 മിനിമം വേതനം ഉറപ്പാക്കുക

 ഇൻഷ്വറൻസ് പുനഃസ്ഥാപിക്കുകയോ, മെഡിസെപ്പ് സ്‌കീൽ ഉൾപ്പെടുത്തുകയോ ചെയ്യുക

 പെൻഷൻ പ്രായം അറുപത്തഞ്ചാക്കുക

 തദ്ദേശസ്ഥാപനങ്ങളിൽ നിന്നുതന്നെ അതത് മാസം പൂർണ വേതനം നൽകുക

പിരിഞ്ഞുപോകുമ്പോൾ വെറുംകൈയോടെ പോകേണ്ട സാഹചര്യമാണ് . 27 വർഷമായി ജോലി ചെയ്യുന്നവരെ തൊഴിൽ സ്ഥിരതയിലേക്ക് കൊണ്ടുവരാൻ ഇനിയും കഴിഞ്ഞിട്ടില്ല.

ജി.രാജീവ് , സംസ്ഥാന ജനറൽ സെക്രട്ടറി

ഓൾ കേരള പ്രേരക് യൂണിയൻ (എ.ഐ.ടി.യു.സി)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL