തൊടുപുഴ: റെയിൽവേ മന്ത്രാലയം വിലക്ക് നീക്കിയതിനെ തുടർന്ന് കഴിഞ്ഞ വർഷം അവസാനത്തോടെ സജീവമായ ശബരി റെയിൽ പദ്ധതി, സ്ഥലം ഏറ്റെടുപ്പിലെയും ഭരണപരമായ നടപടികളിലെയും കാലതാമസം മൂലം വീണ്ടും അനിശ്ചിതത്വത്തിൽ. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള മെല്ലെപ്പോക്കാണ് പദ്ധതിയെ വീണ്ടും പ്രതിസന്ധിയിലാക്കിയത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി 303 ഹെക്ടറിലധികം ഭൂമി ഏറ്റെടുക്കുന്നതിനായി മുൻ സംസ്ഥാന സർക്കാർ പദ്ധതി ചെലവിന്റെ പകുതി വഹിക്കാമെന്ന് ഏൽക്കുകയും, കിഫ്ബി വഴി 1,900 കോടി രൂപ നീക്കിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കേണ്ട സ്‌പെഷ്യൽ തഹസിൽദാർ ഓഫീസുകൾ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. 25 വർഷം മുമ്പ് അങ്കമാലി മുതൽ രാമപുരം സ്റ്റേഷൻ വരെയുള്ള 70 കിലോമീറ്റർ പ്രദേശത്തെ സ്ഥലങ്ങളിൽ സർവേ നടത്തി കല്ലിട്ട് പോയതാണ്. പദ്ധതിക്ക് വീണ്ടും പച്ചക്കൊടി ലഭിച്ചതോടെ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ ആയിരക്കണക്കിന് ഭൂവുടമകളാണ് വലിയ ആശ്വാസത്തിലായിരുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇവരുടെ സ്ഥലം റെയിൽപാതയ്ക്കായി അളന്ന് തിരിച്ച് കല്ലിട്ടിരുന്നു. എന്നാൽ പദ്ധതി മരവിപ്പിച്ചതോടെ ഈ സ്ഥലം വിൽക്കാനോ ബാങ്കുകളിൽ ഈട് വച്ച് വായ്പയെടുക്കാനോ കഴിയാത്ത രീതിയിൽ ഇവർ കടുത്ത പ്രതിസന്ധിയിലായി. ഭൂവുടമകളുടെ നിരന്തരമായ നിവേദനങ്ങൾക്കും പരാതികൾക്കും ഒടുവിലാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഫണ്ട് അനുവദിച്ച് പദ്ധതി യാഥാർത്ഥ്യമാക്കാൻ ധാരണയായത്. ഇതിനായി ഫണ്ടുകൾ അനുവദിച്ചിട്ടും ഉദ്യോഗസ്ഥ തലത്തിലുള്ള തുടർനടപടികൾ വൈകുന്നത് ജനങ്ങളെ വീണ്ടും ആശങ്കയിലാക്കുകയാണ്.
മൂന്ന് പതിറ്റാണ്ടിന്റെ
കാത്തിരിപ്പ്
1997- 98 കേന്ദ്ര ബഡ്ജറ്റിലാണ് അങ്കമാലി- ശബരി റെയിൽപാതയ്ക്ക് അനുമതി ലഭിക്കുന്നത്. 111 കിലോമീറ്റർ ദൈർഘ്യമുള്ള നിർദിഷ്ട പാതയിൽ കാലടി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്റർ ഭാഗത്ത് സ്ഥലമേറ്റെടുക്കാനുള്ള സർവേ നടപടികൾ പൂർത്തിയായിരുന്നു. കാലടിയിൽ ഒരു റെയിൽവേ സ്റ്റേഷനും പെരിയാറിന് കുറുകെ പാലവും നിർമ്മിച്ചെങ്കിലും പിന്നീട് നിയമക്കുരുക്കുകളിൽ പെട്ട് പദ്ധതി പൂർണ്ണമായി നിലച്ചു. പദ്ധതി വിഭാവനം ചെയ്ത തുടക്കകാലത്ത് 550 കോടി രൂപയായിരുന്നു കണക്കാക്കിയിരുന്ന ചെലവ്. ഇപ്പോഴത്തെ എസ്റ്റിമേറ്റ് അനുസരിച്ച് ഏകദേശം നാലായിരം കോടി രൂപയോളമായി ഉയർന്നിട്ടുണ്ട്.
'ഫയൽ ഇപ്പോൾ റവന്യൂ വകുപ്പിന്റെ കൈയിലാണ്. മെല്ലെയാണെങ്കിലും ഫയൽ നീക്കം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയും അനുകൂല നിലപാടാണുള്ളത്. പദ്ധതി നടപ്പിലാകുമെന്ന ശുഭപ്രതീക്ഷയാണുള്ളത് "
-ജിജോ പനച്ചനാനി
(ശബരി റെയിൽ ആക്ഷൻ കൗൺസിൽ സംസ്ഥാന ഫെഡറേഷൻ എക്സിക്യൂട്ടീവ് അംഗം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |