മഴക്കണക്കിൽ 'ഡെഫിഷ്യന്റ്' പട്ടികയിലേക്ക് ജില്ല
കൊല്ലം: ജില്ലയിൽ കാലവർഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ, മഴയുടെ അളവിൽ അത്ര തൃപ്തിയില്ല. ഈ മാസം 1 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ജില്ലയിൽ മഴ 'നോർമൽ' (സാധാരണ നിലയിൽ) ആണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുു.കഴിഞ്ഞ ഒരാഴ്ചത്തെ മാത്രം (ജൂൺ 11 മുതൽ ജൂൺ 17 വരെ) കണക്കുകളിൽ ജില്ലയിൽ മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കാലാവസ്ഥാ വകുപ്പിന്റെ പ്രതിവാര റിപ്പോർട്ട് അനുസരിച്ച് ജൂൺ 11 മുതൽ 17 വരെ കൊല്ലം ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴ ലഭിച്ചിട്ടില്ല. ഈ ആഴ്ചയിലെ കുറവ് കാരണം ജില്ലയെ 'ഡെഫിഷ്യന്റ്' അഥവാ മഴക്കുറവുള്ള ജില്ലകളുടെ പട്ടികയിലാണ് കാലാവസ്ഥാ വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ജൂൺ ആദ്യവാരം ലഭിച്ച മഴയുടെ ബലത്തിലാണ്, സീസണൽ മഴയുടെ ആകെ തുകയിൽ ജില്ല ഇപ്പോഴും 'നോർമൽ' കാറ്റഗറിയിൽ തുടരുന്നത്. 1 മുതൽ 16 വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ സാധാരണ ലഭിക്കേണ്ട 240.5 മില്ലീമീറ്റർ മഴയ്ക്ക് പകരം 217.6 മില്ലീമീറ്റർ മഴയാണ് ലഭിച്ചത് (10 ശതമാനം കുറവ്). നിലവിൽ ഇത് സാധാരണ തോതായി കണക്കാക്കുന്നുണ്ടെങ്കിലും, ഒരാഴ്ചയായി തുടരുന്ന മഴക്കുറവ് വരും ദിവസങ്ങളിലും തുടരുകയാണെങ്കിൽ സീസണൽ കണക്കുകളിലും വലിയ ഇടിവുണ്ടാകാനും ജില്ല 'ഡെഫിഷ്യന്റ്' പട്ടികയിലേക്ക് മാറാനും സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ആദ്യവാരത്തിലെ മഴ നൽകിയ ആശ്വാസം നിലനിൽക്കുമ്പോഴും, ഒരാഴ്ചയായി ജില്ലയിൽ പെയ്ത മഴയുടെ അളവ് വളരെ പരിതാപകരമാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |