SignIn
Kerala Kaumudi Online
Monday, 22 June 2026 4.45 AM IST

ഒന്നേകാൽ ലക്ഷം പഠിതാക്കൾ, ചരി​ത്രമാകാൻ ഓപ്പൺ​ യൂണി.

കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ഒന്നേകാൽ ലക്ഷം പഠിതാക്കളെന്ന ലക്ഷ്യം ആഗസ്റ്റ് 31ന് മുൻപ് മറി​കടന്നേക്കും.

നിലവിൽ 84,000 പഠിതാക്കളാണ് സർവകലാശാലയ്ക്കുള്ളത്.

പുതിയ ബാച്ച് ബിരുദ, ബിരുദാനന്തര പ്രവേശനം തുടങ്ങുന്നതോടെയാണ് 1,25,000 പഠിതാക്കളെന്ന ലക്ഷ്യത്തിലേക്ക് ഈ വർഷംതന്നെ എത്തിച്ചേരാനാവുക. പ്രീ രജിസ്ട്രേഷൻ തുടങ്ങിയപ്പോൾത്തന്നെ 8000 പഠിതാക്കൾ രജിസ്ട്രേഷൻ നടത്തി. 39 പ്രോഗ്രാമുകളിലായിട്ടാണ് 84,000 പഠിതാക്കളുള്ളത്. ബിരുദ ബാച്ചുകളിലാണ് കൂടുതൽ പേർ പ്രവേശനം നേടുക. ഈ വർഷം പ്ളസ് ടു വിജയിച്ചവരും സാക്ഷരതാ മിഷനിലൂടെ പന്ത്രണ്ടാം ക്ളാസ് പാസായവരും നേരത്തെ വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിയവരുമടക്കം ബിരുദ കോഴ്സുകളിൽ ചേരും. പുറമെ മറ്റ് കോഴ്സുകൾ പഠിക്കുന്നവർക്കും ഓപ്പൺ യൂണിവേഴ്സിറ്റി കോഴ്സുകളിൽ ചേരാനാവും.

ബിരുദാനന്തര കോഴ്സുകളും ഈ നിലയിലാണ്. അതുകൊണ്ടുതന്നെ അടുത്ത ബാച്ചിന്റെ പ്രവേശന നടപടികൾ കാര്യക്ഷമമാകുന്നതോടെ രണ്ട് മാസംകൊണ്ട് ഒന്നേകാൽ ലക്ഷം പഠിതാക്കളുള്ള സർവകലാശാലയെന്ന ഖ്യാതി നേടാനാകുമെന്നാണ് കണക്കുകൂട്ടൽ. പ്രവർത്തനം തുടങ്ങി ആറ് വർഷമെത്തുംമുൻപാണ് ഈ നേട്ടം. നിലവിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 55 പഠന കേന്ദ്രങ്ങളും 60 പരീക്ഷാ കേന്ദ്രങ്ങളുമുണ്ട്. ഓൺലൈൻ, ഓഫ് ലൈൻ ക്ളാസുകളാണ് ലഭ്യമാക്കുന്നത്.

ത്രിതല പഞ്ചായത്തുകളും കൈകോർക്കും

ജില്ലാ പഞ്ചായത്തുകളും സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളും ഓപ്പൺ യൂണിവേഴ്സിറ്റിയുമായി കൈകോർത്ത് കൂടുതൽ പഠിതാക്കളെ എത്തിക്കുന്നുണ്ട്. സമ്പൂർണ ബിരുദ പഞ്ചായത്ത് എന്ന ലക്ഷ്യം ഏറ്റെടുത്താണ് പഞ്ചായത്തുകൾ മുന്നോട്ടുവരുന്നത്. പടിഞ്ഞാറെ കല്ലട പഞ്ചായത്ത് നേരത്തേതന്നെ ഈ പദ്ധതി തുടങ്ങിക്കഴിഞ്ഞു. കുറ്റ്യാടി, കാട്ടാക്കട പഞ്ചായത്തുകൾ ഇത്തവണ പദ്ധതിക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. സംസ്ഥാന സാക്ഷരത മിഷനുമായി സഹകരിച്ച് ജില്ലാ പഞ്ചായത്തുകളുമായി ചേ‌ർന്ന് നിരവധിപേരെ ബിരുദ കോഴ്സിലേക്ക് എത്തിക്കുന്നുമുണ്ട്.

വിദ്യകൊണ്ട് പ്രബുദ്ധരാവുകയെന്ന ഗുരുദേവ സന്ദേശം മുൻനിറുത്തിയാണ് യൂണിവേഴ്സിറ്റി മുന്നോട്ട് പോകുന്നത്. പഠിക്കുക, സർട്ടിഫിക്കറ്റ് നേടുക എന്നതിനും അപ്പുറം അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും യൂണിവേഴ്സിറ്റി ഇടപെടുന്നു. ഒപ്പം ഭവന പദ്ധതി, കലാ-കായിക- സാഹിത്യ മേളകൾ ഉൾപ്പടെ നടത്തുന്നുണ്ട്

പ്രൊഫ.ഡോ.വി.പി.ജഗതി​രാജ്, വൈസ് ചാൻസലർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL