
കൊച്ചി: പ്രതിദിനം നാലായിരത്തോളം രോഗികൾക്ക് അത്യാഹിത ചികിത്സയുൾപ്പെടെ പരിചരണം നൽകുന്ന എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ മേൽനോട്ടം വഹിക്കാൻ വെറും 13 സീനിയർ നഴ്സിംഗ് ഓഫീസർമാർ മാത്രം. ജോലിഭാരത്തിൽ നട്ടംതിരിയുകയാണ് സീനിയർ നഴ്സിംഗ് ഓഫീസർമാർ. കൂടുതൽ തസ്‌തികകൾ സൃഷ്‌ടിക്കണമെന്ന ആവശ്യം വർഷങ്ങളായി അധികൃതർ പരിഗണിക്കുന്നില്ല.
കളമശേരിയിലെ മെഡിക്കൽ കോളേജ് ആശുപത്രി എറണാകുളത്തെ മാത്രമല്ല, സമീപ ജില്ലകളിലെയും രോഗികളുടെ പ്രധാന ആശ്രയമാണ്. ഒ.പി., ഐ.പി., അത്യാഹിത വിഭാഗം, ഐ.സി.യുകൾ, ഓപ്പറേഷൻ തിയേറ്ററുകൾ, സ്‌പെഷ്യാലിറ്റി വാർഡുകൾ എന്നിവ ഉൾപ്പെടെ 28 വിഭാഗങ്ങൾ ആശുപത്രിയിൽ പ്രവർത്തിക്കുന്നു. 210 ഓളം നഴ്‌സുമാരുടെ സേവനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ 35 സീനിയർ നഴ്‌സിംഗ് ഓഫീസർമാരെങ്കിലും വേണ്ടിടത്താണ് 13 പേരുള്ളത്. രണ്ടു വാർഡുകളിലെ 200ലേറെ രോഗികളുടെ ചികിത്സാ മേൽനോട്ടം ഒരാൾ വഹിക്കേണ്ട അവസ്ഥയാണുള്ളത്.
സാമ്പത്തിക തടസമെന്ന് വാദം
നഴ്സുമാരെയും സീനിയർ നഴ്‌സിംഗ് ഓഫീസർമാരെയും കൂടുതൽ നിയമിക്കണമെന്ന് മുൻ സർക്കാരിന്റെ കാലം മുതൽ സംഘടനകൾ ആവശ്യപ്പെടുന്നതാണ്. നിവേദനങ്ങളും പ്രതിഷേധങ്ങളും നടത്തിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സ്ഥിരം നിയമനങ്ങൾ നടത്തുന്നില്ല. ആശുപത്രി വികസന സമിതി വഴി താത്കാലിക നിയമനങ്ങൾക്കും സാമ്പത്തികതടസമുണ്ട്.
ആശുപത്രിയുടെ നിലവിലെ രോഗീഭാരവും സേവനവ്യാപ്തിയും പരിഗണിച്ച് ആവശ്യമായ സീനിയർ നഴ്‌സിംഗ് ഓഫീസർമാരുടെയും നഴ്‌സിംഗ് ഓഫീസർമാരുടെയും തസ്തികകൾ അടിയന്തരമായി അനുവദിച്ച് നിയമനം നടത്താൻ സർക്കാർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവ നടപടി സ്വീകരിക്കണമെന്ന് കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) ഭാരവാഹികൾ ആവശ്യപ്പെട്ടു.
ആവശ്യത്തിന് സൂപ്പർവൈസറി നഴ്‌സുമാരില്ലാത്തത് രോഗീസുരക്ഷ, ഗുണനിലവാരമുള്ള നഴ്‌സിംഗ് പരിചരണം, മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും കാര്യക്ഷമമായ വിനിയോഗം, ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണം, മാനവവിഭവശേഷി വിന്യാസം എന്നിവയെ പ്രതികൂലമായി ബാധിക്കും
നഴ്‌സിംഗ് ജീവനക്കാർക്ക് ആവശ്യമായ മേൽനോട്ട സംവിധാനങ്ങളില്ലാത്തത് പ്രവർത്തന കാര്യക്ഷമത കുറയ്ക്കുന്നു. രോഗികൾക്ക് ലഭിക്കേണ്ട സേവനങ്ങളുടെ നിലവാരത്തെ സാരമായി ബാധിക്കുന്നു.
രോഗികൾ പ്രതിദിനം
ഒ.പിയിൽ 2,000
അത്യാഹിത വിഭാഗം 700
കിടത്തി ചികിത്സ 600
നഴ്സുമാർ
സ്ഥിരം 150
താത്കാലികം 60
സീനിയർ 13
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |