ആദ്യ അപകടത്തിൽ ടയറുകൾ പുതിയത്
ഇന്നലെ ടയറുകൾ പഴയത്
ഫിറ്റ്നസ് പുതുക്കിയത്
ഏപ്രിൽ 7ന്
ആദ്യ അപകടം മുളവനയിൽ
ഏപ്രിൽ 24ന്
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് അപകടത്തിൽപ്പെട്ട ടിപ്പർ ലോറി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി വാങ്ങിയ ശേഷം അപകടത്തിൽപ്പെടുന്നത് രണ്ടാം തവണ. കഴിഞ്ഞ ഏപ്രിൽ 7ന് കരുനാഗപ്പള്ളി ജോ. ആർ.ടി ഓഫീസിൽ നിന്നാണ് ലോറിക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ഇതിന് ശേഷം ഏപ്രിൽ 24ന് കുണ്ടറ മുളവനയിൽ വച്ച് നിയന്ത്രണംവിട്ട് ലോറി മറിഞ്ഞു.
ആർക്കും പരിക്കില്ലാത്തതിനാൽ വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങിയില്ല. എന്നാൽ അപകട ദൃശ്യങ്ങൾ ഇന്നലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുണകരമായി. ഈ അപകടത്തിൽ ലോറിയുടെ ടയറുകളെല്ലാം പുതിയതാണ്. എന്നാൽ ഇതിന് ശേഷം ടയറുകൾ മാറ്റി പഴയത് സ്ഥാപിച്ചു. പഴയ ടയറുപയോഗിച്ചാണ് ഇന്നലെ മണ്ണ് കയറ്റാൻ ലോറിയെത്തിയത്. മാർച്ച് 6ന് ലോറിയിൽ സ്പീഡ് ഗവർണർ സ്ഥാപിച്ചതിന്റെ കമ്പനി സർട്ടിഫിക്കറ്റും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ മുമ്പാകെ ഹാജരാക്കി. മൈക്രോ ഓട്ടോടെക് എന്ന കമ്പനിയിൽ നിന്നാണ് സ്പീഡ് ഗവർണർ വാങ്ങിയിട്ടുള്ളത്. സ്പീഡ് ഗവർണർ ഇളക്കിമാറ്റിയ ശേഷമാണ് മണ്ണ് കടത്താൻ ലോറി ഉപയോഗിച്ചിരുന്നതെന്നും വ്യക്തമായി. ജി.പി.എസ് അപ്ഡേറ്റ് ചെയ്തതായും ഫിറ്റ്നസ് പരിശോധനാ വേളയിൽ ബോദ്ധ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ലോറിയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമായ ശേഷം പഴയ സാധനങ്ങൾ ഫിറ്റ് ചെയ്യുകയും ജി.പി.എസും സ്പീഡ് ഗവർണറും നീക്കം ചെയ്യുകയുമായിരുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് നൽകുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |