SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.10 AM IST

പൊലീസും എം.വി.ഡിയും തടയില്ല: ടിപ്പറുകൾ റോഡിലെ റൗഡികൾ

കൊല്ലം: സാധാരണക്കാർ സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങൾ തടഞ്ഞ് നിസാര കാരണങ്ങൾക്ക് പിഴ ചുമത്തുന്ന പൊലീസുകാരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ടിപ്പർ ലോറികൾക്ക് നൽകുന്നത് വി.ഐ.പി പരിഗണന. പരിശോധന നടക്കുന്ന സ്ഥലങ്ങൾ സംബന്ധിച്ച് ടിപ്പറുകാർക്ക് വിവരം നൽകിയ ശേഷമാണ് പലപ്പോഴും പരിശോധന നടക്കുന്നത്. ഭരണക്കാരുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയും മണ്ണ് കടത്ത് പ്രധാന പരിപാടിയായ ടിപ്പറുകാർക്കുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ജില്ലയിലെ ഒരു ജോയിന്റ് ആർ.ടി.ഒ ഓഫീസ് പരിധിയിൽ വച്ച് റോഡിൽ തടഞ്ഞുനിറുത്തുകയോ പരിശോധിക്കുകയോ ചെയ്യരുതെന്ന നിർദ്ദേശത്തോടെ ഒരു കൂട്ടം ടിപ്പറുകളുടെ ലിസ്റ്റ് ഭരണത്തിലെ പ്രമുഖൻ നൽകിയിരുന്നു. നിർദ്ദേശത്തിന് വിരുദ്ധമായി ലിസ്റ്റിലുള്ള ടിപ്പർ പരിശോധിച്ച ഉദ്യോഗസ്ഥരെ ജില്ലയിൽ നിന്ന് തൊട്ടടുത്ത ദിവസം തന്നെ തുരത്തി. ഭരണത്തിലെയും രാഷ്ട്രീയത്തിലെയും പ്രധാനികൾ നൽകുന്ന പട്ടികയ്ക്കൊപ്പം ഒരു വിഭാഗം ഉദ്യോഗസ്ഥർ തങ്ങൾക്ക് കിമ്പളം നൽകുന്ന ടിപ്പറുകൾ കൂടി ചേർത്ത് പരിശോധനകളിൽ നിന്ന് ഒഴിവാക്കുകയാണ്.

ചീറിപ്പായൽ കള്ളലക്ഷണം

അമിത ഭാരം കയറ്റി ടിപ്പറുകൾ പോലും നിരത്തിൽ ചീറിപ്പാഞ്ഞാണ് സഞ്ചരിക്കുന്നത്. പെർമിറ്റ് ഇല്ലാതെ പാറയോ മണ്ണോ കടത്തുന്നത് കൊണ്ടോ അമിത ഭാരം കയറ്റിയിരിക്കുന്നത് കൊണ്ടോ ആണ് ഈ ചീറിപ്പായൽ. ഇത്തരത്തിൽ ടിപ്പറുകൾ ചീറിപ്പായുന്ന സമയങ്ങളിലൊന്നും പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും മുന്നിൽ ചെന്ന് പെടാറില്ല.

പൊലീസുകാർക്കും പാർട്ണർഷിപ്പ്

ജില്ലയിൽ പലയിടങ്ങളിൽ മണ്ണെടുക്കൽ നടക്കുന്നത് സ്ഥലത്തെ പ്രധാനപ്പെട്ട പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെക്കൂടി പങ്കാളിയാക്കി കൊണ്ടാണ്. നയാപൈസ മുടക്കാതെയാണ് ഉദ്യോഗസ്ഥർക്ക് പാർട്ണർഷിപ്പ് നിശ്ചയിച്ച് ലാഭവിഹിതം നൽകുന്നത്. വഴിയിൽ തടഞ്ഞ് ടിപ്പർ പിടിച്ചെടുക്കാതിരിക്കാനാണ് ഇത്തരത്തിൽ ഉദ്യോഗസ്ഥരെക്കൂടി പങ്കാളിയാക്കുന്നത്. ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി മണ്ണ് നൽകുന്നവരിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ പണം കൈപ്പറ്റുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL