SignIn
Kerala Kaumudi Online
Thursday, 25 June 2026 4.03 AM IST

പകർച്ച വ്യാധികളിൽ പകച്ച് വീണ്ടും ജില്ല

​കൊല്ലം: ജില്ലയിൽ എലിപ്പനി ബാധിച്ച് രണ്ടുപേർ മരി​ക്കുകയും ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാവുകയും ചെയ്ത സാഹചര്യത്തി​ൽ പ്രതി​രോധ പ്രവർത്തനങ്ങൾ ഊർജ്ജി​തമാക്കി. കുമ്മിൾ സ്വദേശിയായ 52കാരനും വെളിയം സ്വദേശിയായ 57 കാരിയുമാണ് എലിപ്പനി ബാധിച്ച് മരിച്ചത്.

​ രണ്ട് ദിവസത്തിനുള്ളിൽ മാത്രം ജില്ലയിൽ 17 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതേ കാലയളവിൽ മൂന്നുപേർ എലിപ്പനി ബാധിച്ചും ചികിത്സ തേടി. കഴിഞ്ഞ ദിവസം 552 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയത്. ഇതിൽ ലക്ഷണങ്ങൾ ഗുരുതരമായ 31 പേരെ അഡ്മി​റ്റ് ചെയ്തു.

ഇടവിട്ട് പെയ്യുന്ന മഴയും പിന്നാലെ വരുന്ന ശക്തമായ വെയിലുമാണ് ജില്ലയിൽ ഡെങ്കിപ്പനി പടരാനുള്ള പ്രധാന കാരണം. ഈ കാലാവസ്ഥയിൽ വീട്ടുപറമ്പുകളിലും പൊതുസ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളത്തിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ അതിവേഗം മുട്ടയിട്ട് പെരുകും. ​കൊതുക് വളരാൻ സാദ്ധ്യതയുള്ള ചിരട്ടകൾ, പ്ലാസ്റ്റിക് കപ്പുകൾ, ടയറുകൾ, ഫ്രിഡ്ജിന്റെ ബാക്ക് ട്രേ തുടങ്ങിയവയിൽ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. മലിനജലവുമായി സമ്പർക്കത്തിൽ വരുന്നവർ എലി​പ്പനി​ പ്രതി​രോധത്തി​ന് നിർബന്ധമായും ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം.

വായുവിലൂടെ വേഗം പകരും
ചുമ, തുമ്മൽ വഴി പുറത്തുവരുന്ന കണികകൾ വായുവി​ലൂടെ വ്യാപി​ക്കുന്നു. ഒരാൾക്ക് വന്നാൽ വീട്ടിലുള്ളവർക്ക് എല്ലാവർക്കും പെട്ടെന്ന് പകരും.

പനിക്കൊപ്പം ഇവയുണ്ടോ? സൂക്ഷിക്കണം

 ശ്വാസംമുട്ടൽ

 നെഞ്ചുവേദന

 നിലയ്ക്കാത്ത ഛർദ്ദി

 മൂത്രം കുറയുക

 ശരീരത്തിൽ ചുവന്ന പാടുകൾ

വൈറൽ പനി ലക്ഷണങ്ങൾ

കടുത്ത പനിയും വിറയലും, കഠിനമായ ശരീരവേദന, സന്ധിവേദന, തലവേദന, കണ്ണിന് ചുവപ്പ്, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, ദി​വസങ്ങൾ നീളുന്ന അമിതമായ ക്ഷീണം

രോഗലക്ഷണം ഉണ്ടെങ്കിൽ

മാസ്ക് നിർബന്ധം: വീട്ടിലുള്ളവർക്കും മറ്റുള്ളവർക്കും പകരാതിരിക്കാൻ

പൂർണ വിശ്രമം: ജോലിക്ക് പോകരുത്. കുട്ടികളെ സ്കൂളിൽ വിടരുത്. ശരീരം തളരും

ധാരാളം വെള്ളം: തിളപ്പിച്ചാറ്റിയ വെള്ളം, ഒ.ആർ.എസ്, കഞ്ഞിവെള്ളം, ചെറുനാരങ്ങ വെള്ളം

സ്വയംചികിത്സ അരുത്: ആന്റിബയോട്ടിക് വൈറൽ പനിക്ക് ഫലിക്കില്ല

ഡോക്ടറെ കാണണം: ഡെങ്കി, എലിപ്പനി അല്ലെന്ന് ഉറപ്പിക്കാൻ ടെസ്റ്റ് നടത്തണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL