കൊല്ലം: എം.ഡി.എം.എ കടത്തുന്നതിനിടെ കൊല്ലത്ത് അറസ്റ്റിലായി ജയിലിലായ യുവാവിന് എയ്ഡ്സെന്ന്, ജയിലിൽ നടത്തിയ രക്തപരിശോധനയിൽ സ്ഥിരീകരണം. പ്രതിയും കൂട്ടുകാരും ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരിമരുന്ന് കുത്തിവെച്ചതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളെ പ്രത്യേക സെല്ലിലേക്ക് മാറ്റി. കുടുംബമില്ലാതെ വർഷങ്ങളായി ഒറ്റയ്ക്കാണ് ഇയാൾ താമസിച്ചിരുന്നത്.
ഇൻഡോറിൽ നിന്നു ടൂറിസ്റ്റ് ബസ് മാർഗ്ഗം കൊല്ലത്തേക്ക് ലഹരിമരുന്ന് എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസിന്റെ പ്രത്യേക സംഘം കഴിഞ്ഞ മേയിലാണ് ഇയാളെ പിടികൂടിയത്. പൊലീസിന്റെ കൈവശം ഇയാളുടെ ചിത്രവും ഉണ്ടായിരുന്നു. എന്നാൽ അറസ്റ്റ് ചെയ്യുന്ന സമയം ചിത്രത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായി വളരെ മെലിഞ്ഞുണങ്ങിയ രൂപത്തിലായിരുന്നു ഇയാൾ. ആദ്യഘട്ടത്തിൽ തിരിച്ചറിയാൻ പ്രയാസമായിരുന്നു. ലഹരി ഉപയോഗവും രോഗബാധയുമാണ് രൂപമാറ്റത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. 101 ഗ്രാം എം.ഡി.എം.എ ഗുളികകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. കേസിൽ പിടിയിലായ കോളേജ് വിദ്യാർത്ഥിയും റിമാൻഡിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |