കൊല്ലം: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ തൊളിക്കോട് പമ്പ് ഹൗസിലുണ്ടായ തകരാർ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു. പമ്പ് ഹൗസിലെ ബാക്ടറി ചാർജ്ജർ യൂണിറ്റ് കൺട്രോൾ കാർഡ് പണിമുടക്കിയതിനെത്തുടർന്ന് രണ്ട് ദിവസമായി പമ്പിംഗ് പകുതിയായി.
ബാറ്ററി ചാർജ്ജർ യൂണിറ്റിനെ നിയന്ത്രിക്കുന്ന കൺട്രോൾ കാർഡ് ബുധനാഴ്ച ഉച്ചയോടെയാണ് തകാറിലായത്. തുടർന്ന് വ്യാഴാഴ്ച രാവിലെ വരെ രണ്ട് പമ്പുകളും പ്രവർത്തിച്ചെങ്കിലും വോൾട്ടേജ് വ്യതിയാനം വന്നതോടെ ഒരു പമ്പിന്റെ പ്രവർത്തനം നിറുത്തിവയ്ക്കുകയായിരുന്നു. രണ്ട് പമ്പുകളും പ്രവർത്തിച്ച് 64 എം.എൽ.ഡി ജലമാണ് പമ്പ് ചെയ്തുകൊണ്ടിരുന്നത്. പമ്പിംഗ് ഒന്നിലേക്ക് ചുരുക്കിയതോടെ 32 എം.എൽ.ഡി ജലം മാത്രമാണ് കഴിഞ്ഞ രണ്ട് ദിവസമായി പമ്പ് ചെയ്യുന്നത്. ഇതോടെ ഉയർന്ന പ്രദേശങ്ങളിലെല്ലാം കുടിവെള്ള വിതരണം മുടങ്ങി. ബംഗളരുവിൽ നിന്നും ഇന്ന് എത്തുന്ന കൺട്രോൾ യൂണിറ്റ് ഘടിപ്പിച്ച് നാളെ രാവിലെ മുതൽ രണ്ട് പമ്പുകളും ഒരുമിച്ച് പ്രവർത്തിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. പുനലൂർ മുതൽ കൊല്ല നഗരം വരെ ജപ്പാൻ കുടിവെള്ളം എത്തുന്നുണ്ട്.
വാർഷിക അറ്റകുറ്റപ്പണി കരാറില്ല
പമ്പിംഗ് ഹൗസിലെ ബാക്ടറി ചാർജ്ജർ യൂണിറ്റിന് വാർഷിക അറ്റകുറ്റപ്പണി കരാർ ഉണ്ടാക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ടെങ്കിലും വാട്ടർ അതോറിട്ടി അധികൃതർ തയ്യാറാകുന്നില്ല. ഇപ്പോൾ തകരാറിലായ കൺട്രോൾ യൂണിറ്റിന് പകരം വാങ്ങിയ പുതിയതിന് 40,000 രൂപയാണ്. എന്നാൽ ബാറ്ററി ചാർജ്ജർ യൂണിറ്റിന്റെ വാർഷിക അറ്റകുറ്റപ്പണി കരാറിന് ഏകദേശം 40000 രൂപയേ ചെലവ് വരു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |