കൊല്ലം: കേരളത്തിലും തമിഴ്‌നാട്ടിലുമായി ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് സ്ഥിരം മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം പരവൂർ സ്വദേശി 'വേട്ട അഭിജിത്ത്' (22) കൊല്ലം റെയിൽവേ പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ഒളിവിലായിരുന്നു ഇയാൾ.
പത്ത് ദിവസമായി പൊലീസ് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ, 29ന് രാത്രി എറണാകുളത്തു നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന മെമു ട്രെയിൻ ശാസ്താംകോട്ടയിൽ എത്തിയപ്പോൾ കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിലെ ബീറ്റ് ഡ്യൂട്ടിക്കാരായ അരുൺദേവ്, രാജേഷ് കുമാർ എന്നിവർ നടത്തിയ പട്രോളിംഗിനിടെയാണ് ഇയാൾ പിടിയിലായത്. പൊലീസിനെ അക്രമിച്ച് ഓടാൻ ശ്രമിച്ച പ്രതിയെ ബലമായി കീഴ്പ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽരണ്ടു പൊലീസുകാർക്കും പരിക്കേറ്റു.
ടിക്കറ്റെടുത്ത് എ.സി കമ്പാർട്ടുമെന്റുകളിലും മറ്റും യാത്ര ചെയ്ത് ലാപ്‌ടോപ്പുകൾ അടങ്ങിയ ബാഗുകൾ, മൊബൈൽ ഫോണുകൾ, സ്വർണാഭരണങ്ങൾ എന്നിവ അതിവിദഗ്ദ്ധമായി കവർന്ന ശേഷം ഓടുന്ന ട്രെയിനിൽ നിന്ന് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ചാടി രക്ഷപ്പെടും. രാത്രികാലങ്ങളിൽ മാത്രമായിരുന്നു മോഷണം. കഴിഞ്ഞ മാസം തൃച്ചിനാപ്പള്ളിയിൽ മോഷണക്കേസിൽ പിടിയിലായ ഇയാൾ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ തമിഴ്‌നാട് പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് കൊല്ലം കേന്ദ്രീകരിച്ചായി മോഷണം.
റെയിൽവേ പൊലീസ് സൂപ്രണ്ട് കൃഷ്ണകുമാറിന്റെ നിർദ്ദേശാനുസരണം റെയിൽവേ ഇൻസ്പെക്ടർ വി.വി. ദിവിൻ, കൊല്ലം എസ്.എച്ച്.ഒ ശ്യാമകുമാരി, എ.എസ്.ഐ ബിന്ദു, സുനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ലിനു, ആൽബിൻ, റോജൻ ദാസ്, ധന്യ, ശ്രീദേവി, ഇന്റലിജൻസ് ഉദ്യോഗസ്ഥരായ അഖിൽ, രഞ്ജിത്ത്മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
ആഡംബര ജീവിതം
പിടിയിലാകുമ്പോൾ പ്രതിയുടെ ബാഗിൽ നിന്ന് 65,500 രൂപ, ഒരു ലാപ്‌ടോപ്പ്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. മോഷണമുതൽ വിറ്റ് കിട്ടുന്ന പണം ലഹരി ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.
നിലവിൽ പരവൂർ, കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ് സ്റ്റേഷനുകളിലായി മോഷണം, പോക്സോ, എൻ.ഡി.പി.എസ്, റോബറി തുടങ്ങിയ നിരവധി കേസുകളുണ്ട്. കൂടാതെ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ഇയാൾക്കെതിരെ സമാന കേസുകൾ നിലവിലുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസ് എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |