കൊല്ലം: പാരിപ്പള്ളി മെഡി. ആശുപത്രിയിൽ ആറ് മാസമായി മുടങ്ങിക്കിടക്കുന്ന നേത്ര ശസ്ത്രക്രിയ ഒന്നരമാസത്തിനകം പുനരാരംഭിക്കും. ഇതിനാവശ്യമായ ഒഫ്താൽമോളജി മൈക്രോസ്കോപ്പ് വാങ്ങാൻ സ്വകാര്യ കമ്പനിക്ക് 1.15 കോടിയുടെ പർച്ചേസ് ഓർഡർ നൽകി. ഒന്നരമാസത്തിനകം എത്തുമെന്നാണ് പ്രതീക്ഷ.
ഇ.എസ്.ഐ കോർപ്പറേഷൻ വാങ്ങിയ ഓപ്പറേഷൻ മൈക്രോസ്കോപ്പാണ് ഒഫ്താൽമോളജി ഓപ്പറേഷൻ തീയേറ്ററിൽ ഉപയോഗിച്ചിരുന്നത്. പലതവണ കേടായിട്ടുള്ള ഈ മൈക്രോസ്കോപ്പ് അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുകയായിരുന്നു. ആറ് മാസം മുൻപ് വീണ്ടും തകരാറിലായതോടെ നേത്ര ശസ്ത്രക്രിയ മുടങ്ങി. കഴിഞ്ഞ സർക്കാരിന്റെ അവസാനഘട്ടത്തിൽ പലതവണ ആശുപത്രി അധികൃതർ പണം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികൾ ഇഴയുകയായിരുന്നു. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ പുതിയ ഒഫ്താൽമോളജി മൈക്രോസ്കോപ്പ് വാങ്ങാൻ 1.15 കോടിയുടെ ഭരണാനുമതി നൽകി പണം കെ.എം.എസ്.സി.എല്ലിന് കൈമാറുകയായിരുന്നു.
ആയിരത്തോളം ശസ്ത്രക്രിയകൾ മുടങ്ങി
ഒഫ്താൽമോളജി മൈക്രോസ്കോപ്പ് കേടായതോടെ ആയിരത്തോളം നേത്ര ശസ്ത്രക്രിയകളാണ് ആറ് മാസത്തിനിടയിൽ പാരിപ്പള്ളി മെഡി. കോളേജ് ആശുപത്രിയിൽ മുടങ്ങിയത്. ആഴ്ചയിൽ രണ്ട് ദിവസമാണ് ഒഫ്താൽമോളജി ഓപ്പറേഷൻ തീയേറ്റർ പ്രവർത്തനം. രണ്ട് ദിവസങ്ങളിലായി ആഴ്ചയിൽ 40 ശസ്ത്രക്രിയ നടക്കുമായിരുന്നു. അതിന് പുറമേ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കാനുള്ള ഒരുക്കങ്ങളും പ്രതിസന്ധിയിലായി.
മുടങ്ങിയ ഇനങ്ങൾ
തിമിര ശസ്ത്രക്രിയ
കുട്ടികളുടെ തിമിര ശസ്ത്രക്രിയ
കോങ്കണ്ണിനുള്ള ശസ്ത്രക്രിയ
കണ്ണിനുള്ളിൽ ഇൻജക്ഷൻ എടുക്കൽ
കോർണിയൽ ട്രാൻസ്‌പ്ളാന്റേഷൻ
റെറ്റിനൽ ശസ്ത്രക്രിയ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |