തിരുവനന്തപുരം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് അനധികൃതമായി നിർമ്മാണം പൂർത്തിയാക്കി ഉദ്‌ഘാടനം നടത്താനിരുന്ന ഹോട്ടൽ മേയർ വി.വി.രാജേഷിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. മുട്ടടയിൽ ഇന്നലെ വൈകിട്ട് ഉദ്‌ഘാടനം നടത്താനിരുന്ന സം സം മിയ എന്ന ഹോട്ടലാണ് രാവിലെ 11ഓടെ പൂട്ടിച്ചത്. അനധികൃത നിർമ്മാണം നടത്തുന്നെന്ന പരാതിയെത്തുടർന്ന് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നെങ്കിലും അവധി ദിവസങ്ങളിൽ പണിപൂർത്തിയാക്കിയാണ് ഉദ്‌ഘാടനം തീരുമാനിച്ചത്.
ഇതുകൂടാതെ പുളിമൂട് ഭാഗത്തും മേയറുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. കോർപ്പറേഷൻ നേരത്തെ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണം തുടർന്ന കെട്ടിടത്തിനെതിരെ പ്രൊവിഷണൽ ഓർഡർ അടക്കമുള്ള നിയമനടപടികൾ സ്വീകരിച്ചു. ഗാന്ധാരിയമ്മൻ കോവിലിന് സമീപത്ത് പരിമിതമായ അനുമതികളുടെ മറവിൽ നാലുനില കെട്ടിടം അനധികൃതമായി നിർമ്മിക്കാനുള്ള ശ്രമവും തടഞ്ഞു. ഇതുൾപ്പടെ ഉൾപ്പെടെ 5 സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളാണ് കോർപ്പറേഷൻ സംഘം നേരിട്ടെത്തി തടഞ്ഞത്.
നഗരത്തിലെ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും പ്രധാന കാരണം ഇത്തരത്തിലുള്ള അനധികൃത നിർമ്മാണങ്ങളാണെന്നും 'ഒരു സെന്റീമീറ്റർ പോലും' അനധികൃത നിർമ്മാണം അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കി. നിയമലംഘനം തുടരുന്നവർക്കെതിരെ ആവശ്യമെങ്കിൽ പൊലീസിന്റെ സേവനം തേടും. അനധികൃത നിർമ്മാണങ്ങൾക്കെതിരെ വാദിക്കാൻ വിദഗ്ദരായ അഭിഭാഷക പാനലിന് രൂപം നൽകുമെന്നും മേയർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |